കാല്‍മുട്ട് വേദനയെ അകറ്റിനിര്‍ത്താന്‍ ചില പൊടിക്കൈകള്‍

October 29, 2023

നിത്യജീവിതത്തില്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാല്‍മുട്ടുവേദന. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുട്ടുവേദന ഉണ്ടാകാറുണ്ട്. കാല്‍സ്യത്തിന്റെ കുറവ്, ആമവാദം, സന്ധിവാതം, മുട്ടുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം തുടങ്ങിയവ പലതും കാല്‍മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. തുടര്‍ച്ചയായി അസഹനീയമായ മുട്ടുവേദന ഉണ്ടാകുന്നവര്‍ കൃത്യസമയത്ത് വൈദ്യ സഹായം ലഭ്യമാക്കുന്നതാണ് ഉചിതം. എങ്കിലും മുട്ടുവേദനയ്ക്ക് വീട്ടില്‍വെച്ചുതന്നെ ചെയ്യാന്‍ സാധിക്കുന്ന ചില പൊടുക്കൈകളെ പരിചയപ്പെടാം.

ചെറുനാരങ്ങ

കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും ചെറുനാരങ്ങയില്‍ ഒട്ടനവധി ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുട്ടുവേദനയ്ക്ക് താല്‍കാലിക ആശ്വാസം നല്‍കാന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കും. ഇതിനായി ഒരു ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. തുടര്‍ന്ന് കോട്ടണ്‍ തുണിയില്‍ ഈ നാരങ്ങ കഷ്ണങ്ങള്‍ പൊതുയുക. ചെറുതായി ചൂടാക്കിയ എള്ളെണ്ണയില്‍ ചെറുനാരങ്ങ പൊതിഞ്ഞുവെച്ച തുണി മുക്കുക. പത്ത് പതിനഞ്ച് മിനിറ്റ് നേരം മുട്ട് വേദനയുള്ളിടത്ത് ഈ തുണി വെച്ച് കെട്ടണം. മുട്ടുവേദനയ്ക്ക് ശമനം ലഭിക്കും.

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാത്സ്യത്തിന്റെ അഭാവം മൂലവും പലര്‍ക്കും മുട്ടുവേദന ഉണ്ടാകാറുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്. മുട്ട, ചെറുമത്സ്യങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ മുട്ടുവേദനയെ ചെറുക്കാനും ഉത്തമമാണ്.

ഇഞ്ചി

മുട്ടുവേദനയ്ക്ക് വീട്ടില്‍തന്നെയുള്ള ഒരു ഒറ്റമൂലിയാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് മുട്ടുവേദനയെ ചെറുക്കാന്‍ സഹായിക്കും. അതുപോലെതന്നെ ദിവസേന ഇഞ്ചിച്ചായ കുടിക്കുന്നത് ശീലമാക്കുന്നതും മുട്ടുവേദനയെ ചെറുക്കാന്‍ സഹായിക്കും.

Read Also: വൈറൽ ഗായകൻ ഗിരിനന്ദൻ പാട്ടുവേദിയിൽ; കമൽ ഹാസന്റെ “പത്തലെ..” ഗാനത്തിനൊപ്പം ആടിപ്പാടി വിധികർത്താക്കളും

മഞ്ഞള്‍

ഔഷധഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞള്‍. മണ്ണിനടിയിലെ ഈ പൊന്നിന് ആരോഗ്യത്തിന്റെ കാര്യത്തിലും പൊന്നിന്റെ മാറ്റുണ്ട്. മഞ്ഞള്‍ അരച്ച് കടുകെണ്ണയില്‍ ചാലിച്ച് മുട്ടില്‍ തേക്കുന്നത് ഒരു പരിധി വരെ മുട്ടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കും. ഭക്ഷണക്രമത്തില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതും അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്.

Read also: വീട് വൃത്തിയാക്കുമ്പോൾ സൂക്ഷിച്ചോളൂ; ചിലപ്പോൾ കോടികൾ തടഞ്ഞാലോ!

ഈ പൊടിക്കൈകളെല്ലാം മുട്ടുവേദനയ്ക്ക് താല്‍കാലിക ആശ്വാസം മാത്രമാണ് നല്‍കുക. അസഹനീയമായ മുട്ടുവേദനയുള്ളവര്‍ വൈദ്യ സഹായം തേടുന്നതാണ് ഏറ്റവും ഉചിതം.

Story highlights- remedies for knee pain