പ്രതിവർഷ ശമ്പളം 6.5 കോടി രൂപ; മെറ്റാ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വംശജൻ, കാരണം!!

October 30, 2023

ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യിൽ ടെക് ലീഡും മാനേജരുമായി അഞ്ച് വർഷം ചെലവഴിച്ചതിന് ശേഷം 2022 ൽ ഇന്ത്യന്‍ വംശജനായ രാഹുല്‍ പാണ്ഡെ മെറ്റയിലെ ജോലി ഉപേക്ഷിച്ചു. പ്രതിവർഷം 6.5 കോടിയിലധികം പ്രതിഫലം അദ്ദേഹത്തിന് അവിടെ നിന്ന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജോലി ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. കാലിഫോർണിയയിൽ ഫേസ്ബുക്കിൽ ജോലി ചെയ്ത രാഹുൽ അവിടെ ജോലി ചെയ്യുമ്പോൾ തനിക്ക് വളരെയധികം ഉത്കണ്ഠ അനുഭവപ്പെട്ടിരുന്നു എന്നും വെളിപ്പെടുത്തുന്നു. (This Indian-Origin Techie Quit His ₹ 6.5 Crore Meta Job)

“100 ഡോളർ ബില്ലുകൾ എണ്ണിത്തീർക്കുന്നത്ര എളുപ്പമായിരുന്നില്ല എന്റെ തുടക്കം. സത്യത്തിൽ, ഞാൻ ഫേസ്ബുക്കിൽ ചേർന്നതിന് ശേഷമുള്ള ആദ്യത്തെ ആറ് മാസക്കാലം ഞാൻ വളരെയധികം ഉത്കണ്ഠാകുലനായിരുന്നു. ഒരു മുതിർന്ന എഞ്ചിനീയർ എന്ന നിലയിൽ എനിക്ക് ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെട്ടു. എന്റെ കഴിവുകളിലും യോഗ്യതയിലും വിശ്വാസം നഷ്ടപ്പെട്ടു. കമ്പനിയുടെ സംസ്‌കാരത്തോടും പൊരുത്തപ്പെടാനും പ്രയാസം അനുഭവപെട്ടു”. രാഹുല്‍ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

ഒരു സീനിയർ എഞ്ചിനീയർ ആകാൻ അർഹതയില്ലാത്ത ഒരാളായി കണക്കാക്കപ്പെടുമെന്ന ഭയത്താൽ സഹപ്രവർത്തകനിൽ നിന്ന് ഒരു സഹായവും തേടിയിരുന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. ഫേസ്‌ബുക്കിന് ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതിനാൽ, സ്റ്റോക്ക് മൂല്യത്തിൽ ഇടിവ് നേരിട്ടു. ഈ പ്രശ്നങ്ങൾക്കിടയിൽ പാണ്ഡെയുടെ സഹപ്രവർത്തകരിൽ പലരും മറ്റ് സ്ഥാപനങ്ങളിലേക്ക് ചേക്കേറി. എന്നാൽ കമ്പനിയിൽ ചേർന്ന് ഒരു വര്ഷം മാത്രമേ ആയിട്ടുള്ളു. അതിനാൽ മറ്റ് കമ്പനിയിലേക്ക് ചേക്കേറേണ്ട എന്ന തീരുമാനത്തിൽ രാഹുൽ എത്തിച്ചേർന്നു. ഈ സമയം പ്രകടനം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും ഏറെ സഹായകമായി.

പിന്നീട്, രാഹുലിന് സ്ഥാനക്കയറ്റം ലഭിക്കുകയും അടിസ്ഥാന ശമ്പളത്തിന് പുറമെ ഏകദേശം രണ്ട് കോടി രൂപയുടെ ഇക്വിറ്റി ലഭിക്കുകയും ചെയ്തു. എന്നാല്‍ കോവിഡിന് പിന്നാലെ ഫെയ്‌സ്ബുക്കിന് പുറത്ത് മറ്റു ജോലി സാധ്യതകളെ കുറിച്ച് രാഹുൽ ചിന്തിച്ചുതുടങ്ങി. എന്‍ജിനീയറിങ്ങിന് അപ്പുറത്തേക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ഇതിലൂടെ തിരിച്ചറിഞ്ഞു. 2022 ഓടെ ഫെയ്‌സ്ബുക്ക് വിട്ട് ടാരോ എന്ന സ്വന്തം സ്റ്റാര്‍ട്ടപ്പ് തുടങ്ങിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: This Indian-Origin Techie Quit His ₹ 6.5 Crore Meta Job