‘മറ്റുള്ളവരെല്ലാം സങ്കടപ്പെടുമ്പോൾ ഞങ്ങളിൽ ഒരാൾക്ക് മാത്രം എങ്ങനെ സന്തോഷിക്കാനാകും’ എന്താണ് ആഫ്രിക്കയുടെ ഉബുണ്ടു?
പതിറ്റാണ്ടുകൾ പഴക്കമുള്ളൊരു കഥ കേൾക്കാം… ആഫ്രിക്കയിലെ ഒരു ഗ്രാമത്തിൽ മനുഷ്യരുടെ സംസ്കാരവും സ്വഭാവവും പഠിക്കാൻ ഒരു ആന്ത്രോപ്പോളജിസ്റ്റ് (anthropologist) എത്തി. കുറെയധികം ദിവസങ്ങൾ ഗ്രാമത്തിൽ ചിലഴിച്ച അദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപായി ഒരു മത്സരമൊരുക്കി. പലനിറത്തിലും രുചിയിലുമുള്ള പഴങ്ങൾ ഒരു സമ്മാനക്കുട്ടയിലാക്കി റിബ്ബൺ വെച്ച് കെട്ടി. ഭംഗിയുള്ള ആ കുട്ട ഒരു മരച്ചുവട്ടിൽ വെച്ചിട്ട് ഗ്രാമത്തിലെ കുട്ടികളെയെല്ലാം അദ്ദേഹം വിളിച്ചു കൂട്ടി. (What is Ubuntu?)
പൂഴി മണ്ണിൽ നീളത്തിൽ ഒരു വര വരച്ചിട്ട് കുട്ടികളെ നോക്കി അദ്ദേഹം പറഞ്ഞു, ” ഞാൻ ‘സ്റ്റാർട്ട്’ എന്ന് പറയുമ്പോൾ ഏറ്റവും വേഗത്തിൽ ഓടി മരത്തിന്റെ അരികെ ആദ്യം എത്തുന്നയാൾക്ക് പഴക്കുട്ട സ്വന്തം.” അദ്ദേഹം ഓടാനുള്ള നിർദ്ദേശം കൊടുത്തപ്പോൾ ഓരോരുത്തരായി കൈ കോർത്തു പിടിച്ച് മരത്തെ ലക്ഷ്യം വെച്ച് അവർ ഓടാൻ തുടങ്ങി. പിന്നീട് ഒന്നിച്ച് പഴക്കുട്ടയ്ക്ക് ചുറ്റുമിരുന്ന് അവരുടെ പ്രതിഫലം ആസ്വദിക്കാൻ തുടങ്ങി.
കണ്ടു നിന്ന ശാസ്ത്രജ്ഞൻ അതിശയിച്ചു പോയി. നിങ്ങളിൽ ഒരാൾക്ക് മാത്രമായി ആ പഴങ്ങൾ ആസ്വദിക്കാമായിരുന്നിട്ടും എന്ത് കൊണ്ടാണ് എല്ലാവരും ഒന്നിച്ചു പോയതെന്ന് അദ്ദേഹം ചോദിച്ചു. കൂട്ടത്തിലെ ഒരു കൊച്ചു പെൺകുട്ടി മറുപടിയുമായെത്തി. ‘മറ്റുള്ളവരെല്ലാം സങ്കടപ്പെടുമ്പോൾ ഞങ്ങളിൽ ഒരാൾക്ക് മാത്രം എങ്ങനെ സന്തോഷിക്കാനാകും?’
ഇതാണ് ആഫ്രിക്കയുടെ ഉബുണ്ടു ഫിലോസഫി. കൊല്ലങ്ങൾ എത്ര കടന്നാലും പഴക്കം ചെല്ലാത്ത ആഴത്തിലുള്ള ആശയമാണ് ഉബുണ്ടു പറയുന്നത്. ഞാൻ ഞാനായിരിക്കാൻ കാരണം നിങ്ങളെല്ലാവരുമാണ്. മനുഷ്യന് ഒറ്റപ്പെട്ട് നിലൽനിൽക്കാൻ സാധിക്കില്ലയെന്നാണ് ഉബുണ്ടു പറയുന്നത്. മുഖത്തോടു മുഖം നോക്കാൻ മടിക്കുന്ന നമ്മോട് തോളോടു തോൾ ചേർന്ന് പരിശ്രമിച്ചു വിജയിക്കാൻ ഉബുണ്ടു ഓർമിപ്പിക്കുന്നു. പലപ്പോഴും മറ്റുവരിൽ നിന്നും വേർപെട്ട ഒരു വ്യക്തിയായി ജീവിക്കുമ്പോൾ നമ്മൾ ഓരോരുത്തരും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന സത്യം നാം മറന്നുപോകരുത്. നമ്മൾ ഒരുമിച്ച് നന്മ ചെയ്യുമ്പോൾ അത് പതിയെ ലോകം മുഴുവൻ പരക്കും, നന്മയുടെ ഒരു പുതുലോകം ഉദയമെടുക്കും.
Story highlights: What is Ubuntu?