ഒരു ജലദോഷപ്പനി ബാധിച്ച് ഉറങ്ങി; ഉണർന്നപ്പോൾ യുവതിക്ക് നഷ്ടമായത് 20 വർഷത്തെ ഓർമ്മകൾ
പ്രായാധിക്യത്തെ തുടർന്ന് ഓർമ്മ നഷ്ട്ടമാകുന്നത് സാധാരണയായ പ്രക്രിയയാണ്. അപകടത്തെ തുടർന്നും ഇങ്ങനെ ഓർമ്മ നഷ്ടമാകാം. എന്നാൽ ഒരു ജലദോഷത്തെ തുടർന്ന് നിങ്ങളുടെ ജീവിതത്തിലെ 20 വർഷത്തെ ഓർമ്മകൾ നഷ്ടമായാലോ? അവിശ്വസനീയം എന്നുതോന്നാം. എന്നാൽ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് ക്ലെയർ എന്ന യുവതി.
ജലദോഷത്തിൽ തുടങ്ങി ഒടുവിൽ മാരകമായ രോഗാവസ്ഥയിലേക്ക് എത്തി പിന്നീട് 20 വർഷത്തെ ഓർമ്മകൾ നഷ്ടപ്പെടുകയായിരുന്നു 43കാരിയായ ഇവർക്ക്. 2021 ൽ ഒരു രാത്രിയിലാണ് മകനിൽ നിന്ന് ജലദോഷം ബാധിച്ചത്. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ കഴിഞ്ഞ 20 വർഷത്തെ സംഭവങ്ങളൊന്നും അവർക്ക് ഓർമിക്കാൻ കഴിഞ്ഞില്ല.
സ്ഥിതി ഗുരുതരമായി മാറുകയും 16 ദിവസത്തേക്ക് കോമയിലേക്ക് പോകുകയും ചെയ്തു. ഭർത്താവ് സ്കോട്ടിനൊപ്പമാണ് ക്ലെയർ അനുഭവങ്ങൾ പങ്കുവെച്ചത്. ക്ലെയറിന്റെ അവസ്ഥയെക്കുറിച്ച് സ്കോട്ട് പറഞ്ഞതിങ്ങനെ,- ക്ലെയറിന് രണ്ടാഴ്ചയോളം ജലദോഷം ബാധിച്ചു, അത് അവരുടെ മകൻ മാക്സിൽ നിന്ന് ലഭിച്ചതാണ്. എന്നാൽ പിന്നീട് അവളുടെ അവസ്ഥ വളരെ വേഗത്തിൽ വഷളാകാൻ തുടങ്ങി. ഒരുദിവസം രാത്രി ഉറങ്ങാൻ കിടന്ന അവളെ പിറ്റേന്ന് രാവിലെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.ഒരാഴ്ചയോളം ആശുപത്രിയിൽ തുടർന്നു. വെന്റിലേറ്ററിലേക്കും മാറ്റേണ്ട അവസ്ഥയുണ്ടായി. തുടർന്ന് അവളെ റോയൽ ലണ്ടൻ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ നിന്ന് രോഗനിർണയം നടത്തി.
പ്രാഥമിക രോഗനിർണയത്തിന് ശേഷം, ക്ലെയറിന് തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് ഡോക്ടർമാർ കരുതി. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തി.കാര്യങ്ങൾ വഷളായി. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ക്ലെയറിന് ഓർമ നഷ്ടപ്പെട്ടതായി കണ്ടെത്തി.
43 വയസുള്ള ക്ലെയറിന് കുടുംബാംഗങ്ങളുടെ മുഖം ഓർമ്മിക്കാൻ കഴിയും. പക്ഷേ വിവാഹം, പ്രസവം, തുടങ്ങിയ പ്രധാന ജീവിത സംഭവങ്ങൾ പൂർണ്ണമായും മറന്നു. മക്കളുടെ ജനനമോ വിവാഹമോ ആഘോഷമാക്കിയ അവധിക്കാലമോ ഒന്നും ക്ലെയറിന് ഓർമ്മയില്ല. അന്നത്തെ കാര്യങ്ങൾ ഓർമ്മയില്ലെങ്കിലും ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് ക്ലെയർ മടങ്ങിയിരിക്കുകയാണ്.
Story highlights- Woman catches cold wakes up losing 20 years of memories