സ്വർണ്ണംതേടി കാടുകയറിയവരുടെ ജീവൻ നഷ്ടമാക്കിയ എൽ ഡൊറാഡോ; നഷ്ടപ്പെട്ട സ്വർണ്ണനഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കഥകൾ

October 28, 2023

നഷ്ടപ്പെട്ട സ്വർണ്ണനഗരമായി ഒരുകാലത്ത് ലോകം വിശ്വസിച്ചിരുന്ന ഒന്നാണ് എൽ ഡൊറാഡോ. എൽ ഡൊറാഡോ എന്ന നഗരത്തിന്റെ സ്വർണ ഖനി തേടി തെക്കേ അമേരിക്കയിലെ മഴക്കാടുകളിലേക്കും പർവതങ്ങളിലേക്കും ഒട്ടേറെ ആളുകൾ യാത്ര തിരിക്കുകയും, മടങ്ങിയെത്താതെ ജീവൻ വെടിയുകയും ചെയ്തിരുന്നു.

തെക്കൻ അമേരിക്കയിൽ സമ്പത്ത് കൈക്കലാക്കാൻ ഒട്ടേറെ അലഞ്ഞ യൂറോപ്യന്മാരെ കൂടുതൽ കുഴപ്പിച്ച ഒന്നാണ് എൽ ഡൊറാഡോ. കാരണം, കൊളംബിയയിൽ ഇങ്ങനെയൊരു സ്വർണ നഗരമുണ്ടെന്നു കരുതി യൂറോപ്യൻമാർ ധാരാളം പ്രയത്നിച്ചിരുന്നു. സാഹസികനായ ഒരു ജേതാവിന്റെ കണ്ടെത്തലിനായി കാത്തിരിക്കുന്ന സ്വർണ്ണനഗരമായി എൽ ഡൊറാഡോയെ ചുറ്റിപറ്റി നിലനിന്ന ഐതീഹ്യം, യൂറോപ്യന്മാരെ ഇങ്ങോട്ട് ആകർഷിച്ചു.

എന്നാൽ, തെക്കേ അമേരിക്കൻ നിവാസികളെ സംബന്ധിച്ച് അവർക്ക് എൽ ഡൊറാഡോ ഒരു നഗരമല്ല. ഒരു ഭരണാധികാരിയാണ്. ധനികനായ ഈ ഭരണാധികാരി എല്ലാ ദിവസവും രാവിലെ തല മുതൽ കാൽ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് ഓരോ വൈകുന്നേരവും തടാകത്തിൽ മുങ്ങി സ്വർണം നിക്ഷേപിക്കുമായിരുന്നു എന്നാണ് അവരെ സംബന്ധിച്ച് എൽ ഡൊറാഡോ.

കൊളംബിയയിലെ ആന്റിസ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന ഗ്വാറ്റാവിറ്റാ തടാകത്തിന്റെ അടിത്തട്ടിലാണ് ഇങ്ങനെ സ്വർണം നിക്ഷേപിച്ചിരുന്നത് എന്നും അദ്ദേഹത്തിന്റെ ഗോത്രത്തിലുള്ളവരും ഇങ്ങനെ ഈ തടാകത്തിൽ സ്വർണം നിക്ഷേപിച്ചിരുന്നുവെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്.

എൽ എൽ ഡൊറാഡോ രാജാവും തടാകത്തിൽ സ്വർണം നിക്ഷേപിക്കുന്ന അവരുടെ ചടങ്ങും മൂയിസ്ക ഗോത്രവിഭാഗത്തിന്റെ ഭാഗമായിരുന്നതായി ജുവാൻ റോഡ്രിഗ്സ് എന്ന ചരിത്രകാരൻ തന്റെ പുസ്തകമായ ‘ദ കൊൺക്വെസ്റ്റ് ആൻഡ് ഡിസ്കവറി ഒഫ് ദ ന്യൂ കിംഗ്ഡം ഒഫ് ഗ്രനാഡ’യിൽ വിവരിച്ചിരിക്കുന്നത് കാണാം.

യൂറോപ്യന്മാരുടെ വിശ്വാസവും തെക്കേ അമേരിക്കക്കാരുടെ വിശ്വാസവും രണ്ടായിരുന്നുവെങ്കിലും ഈ സ്ഥലം തേടിയെത്തിയവരുടെ ഉദ്ദേശം സ്വർണമായിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ പലർക്കും ഈ തടാകം പോലും കണ്ടെത്താനാകാതെ ജീവൻ വെടിയേണ്ടി വന്നു. പലതരത്തിലുള്ള പര്യവേഷണങ്ങൾ നടത്തിയെങ്കിലും സ്വർണം നിറഞ്ഞ തടാകം കണ്ടെത്തിയില്ല. പക്ഷെ, പലർക്കും കൊളംബിയയുടെ വിവിധയിടങ്ങളിൽ നിന്നും പല അമൂല്യ വസ്തുക്കളും ലഭിച്ചു.

Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!

ഒടുവിൽ യൂറോപ്യന്മാർ തടാകം കണ്ടെത്തി. ലക്ഷകണക്കിന് തുക മുടക്കി തടാകം വറ്റിച്ചപ്പോൾ ഏതാനും സ്വർണ തരികൾ മാത്രമാണ് ലഭിച്ചത്. മാത്രമല്ല, വെള്ളം വറ്റിയപ്പോൾ തടാകത്തിലെ ചെളി സൂര്യപ്രകാശമേറ്റ് കട്ടിയായി ഉറച്ചു. പിന്നീട് പലരും ഇങ്ങനെ പര്യവേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷെ, ഈ യാത്രകൾക്കിടയിൽ ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചതോടെ 1965ൽ കൊളംബിയൻ സർക്കാർ ഗ്വാറ്റവിറ്റാ തടാകത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. അങ്ങനെ എൽ ഡൊറാഡോ നിധി വേട്ടയ്ക്ക് പരിസമാപ്തി ആയെങ്കിലും കൊളംബിയയിൽ പല ഭാഗങ്ങളിലും സ്വർണ ശേഖരം മറഞ്ഞിരിക്കുന്നുണ്ടെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു.

Story highlights- el dorado golden city