ഗര്‍ണാച്ചോയുടെ വണ്ടര്‍ ഗോളിന് സമാനം; പുഷ്‌കാസ് അവാര്‍ഡിനായി ഒരു ഇന്ത്യന്‍ താരത്തിന്റെ ഗോളും..

November 28, 2023
Saikat Sarkar’s volley sent for Puskas Award

അര്‍ജന്റൈന്‍ യുവതാരം അലജാന്ദ്രോ ഗര്‍ണാച്ചോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളാണ് മാധ്യമ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നത്. 2011-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഡെര്‍ബി മത്സരത്തില്‍ വെയ്ന്‍ റൂണി നേടിയ ഗോളിനോട് ഉപമിച്ചപ്പോള്‍ 2018-ല്‍ യുവന്റസിനെതിരായ ചാമ്പ്യന്‍സ് മത്സരത്തില്‍ നേടിയ ഗോളിനോടാണ് താരതമ്യം ചെയ്തത്. പെനാല്‍റ്റി ബോക്‌സിനകത്തുവച്ച് ഗര്‍ണാച്ചോ നേടിയ ഓവര്‍ ഹെഡ് കിക്ക് ഗോള്‍ കണ്ട് വണ്ടറടിച്ച ആരാധകര്‍ പക്ഷെ ഇന്ത്യന്‍ പ്രാദേശിക ലീഗില്‍ അത്തരത്തിലൊരു ഗോള്‍ പിറന്നത് ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ( Aryan FC’s Saikat Sarkar’s volley sent for Puskas Award resembling Garnacho )

ഗര്‍ണാച്ചോയുടെ ഗോള്‍ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അടുത്ത വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഒരു ഇന്ത്യന്‍ താരവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ലീഗില്‍ ആര്യന്‍ എഫ്‌സിയും കൊല്‍ക്കത്ത കസ്റ്റംസും തമ്മിലുള്ള മത്സരത്തിലാണ് വണ്ടര്‍ ഗോള്‍ പിറന്നത്. ആര്യന്‍ എഫ് സി യുവതാരം സൈകാത് സര്‍ക്കാര്‍ ആണ് ആരാധകരെ അമ്പരപ്പിക്കുന്ന ഫിനിഷിങ് മികവില്‍ ലക്ഷ്യം കണ്ടത്. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷനാണ് സൈകാത് നേടിയ ഗോളിന്റെ വീഡിയോ എക്‌സില്‍ പങ്കുവച്ചത്.

കൊല്‍ക്കത്ത കസ്റ്റംസിനെതിരായ മത്സരത്തിന്റെ 72-ാം മിനുട്ടിലാണ് ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് രാകേഷ് കര്‍മാക്കര്‍ ഉയര്‍ത്തിനല്‍കിയ ഫ്രീകിക്കില്‍ നിന്നാണ് സര്‍ക്കാരിന്റെ മനോഹരമായ ബൈസിക്കിള്‍ കിക്ക് ഗോള്‍ വന്നത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആര്യന്‍ എഫ്‌സി പരാജയപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഗോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായെങ്കിലും വലിയ വാര്‍ത്ത പ്രാധാന്യം കിട്ടിയിരുന്നില്ല.

Read Also: രണ്ടാം മിനുട്ടില്‍ തന്നെ പെനാല്‍ട്ടി, അനുകൂല തീരുമാനം തെറ്റെന്ന് റൊണാള്‍ഡോ, അഭിനന്ദനവുമായി എതിര്‍ ടീം താരങ്ങള്‍

എന്നാല്‍ സൈകാത് സര്‍ക്കാരിന്റെ ഗോള്‍ ഇത്തവണത്തെ പുഷ്‌കാസ് അവാര്‍ഡിനായി സമര്‍പ്പിക്കുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനിര്‍ബന്‍ ദത്ത മാധ്യമങ്ങളോട് പറഞ്ഞു. ഗോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ആരാധകരില്‍ നിന്ന് ലഭിച്ച പ്രതികരണം കണ്ടാണ് പുഷ്‌കാസ് അവാര്‍ഡിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും ദത്ത വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈ മാസത്തിലായിരുന്നു സര്‍ക്കാരിന്റെ ഗോള്‍ പിറന്നത്. ഗര്‍ണാച്ചോയുടെ ഗോള്‍ വന്നതോടെയാണ് സൈകാതിന്റെ ഗോള്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്.

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന എവര്‍ട്ടണെതിരായ മത്സരത്തിന് വിസില്‍ മുഴങ്ങി മൂന്ന് മിനിട്ടുകള്‍ക്കമായിരുന്നു ഗര്‍ണാച്ചോയുടെ ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് ഡാലോട്ട് നല്‍കിയ ക്രോസില്‍ നിന്നാണ് അക്രോബാറ്റിക് കി്ക്കിലൂടെ ഗര്‍ണാച്ചോ വലകുലുക്കിയത്. മത്സരത്തില്‍ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്.

Story highlights : Aryan FC’s Saikat Sarkar’s volley sent for Puskas Award resembling Garnacho