ആശുപത്രിയിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം; പതിവ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

December 25, 2023

പതിവുപോലെ സമ്മാനപ്പൊതികളുമായി കുട്ടികളുടെ ആശുപത്രിയിലെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍. മാഞ്ചസ്റ്റര്‍ നഗരത്തിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് താരങ്ങള്‍ സന്ദര്‍ശനം നടത്തിയത്. മൈതാനങ്ങളിലെ പ്രകടനങ്ങള്‍ മാത്രമല്ല ഇത്തരത്തിലുള്ള ചില പ്രവൃത്തികള്‍ കൂടെയാണ് യുണൈറ്റഡും താരങ്ങളും ആരാധക ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നല്‍കുന്നത്. ( Manchester United celebrates Christmas with children in hospital )

വര്‍ഷങ്ങളായി ക്രിസ്മസ് ദിനത്തോട് അടുപ്പിച്ച നഗരത്തിലെ കുട്ടികളുടെ ആശുപത്രിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ എത്താറുണ്ട. ഇത്തവണയും ആ പതിവിന് ഒരു മാറ്റമുണ്ടായില്ല. യുണൈറ്റഡ് വനിത ടീമിലെ താരങ്ങളാണ് ഇത്തവണ സന്ദര്‍ശനം നടത്തിയത്. കുട്ടികള്‍ക്കൊപ്പം ഗെയിമുകള്‍ കളിച്ചും ഓട്ടോഗ്രാഫ് നല്‍കിയം സമ്മാനങ്ങള്‍ വിതരണം ചെയ്തും സമയം ചെലവഴിച്ചു. തുടര്‍ന്ന് ക്രിസ്മസ് പുതുവത്സര ആശംസകളും നേര്‍ന്നാണ് താരങ്ങള്‍ മടങ്ങിയത്.

വനിത ടീമിലെ ഏഴ് താരങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തി. ഹന്ന ബ്ലന്‍ഡെല്‍, ഗാബി ജോര്‍ജ്ജ്, മെല്‍വിന്‍ മലാര്‍ഡ്, എല്ല ടൂണ്‍, ഫാലോണ്‍ ടുല്ലിസ്-ജോയ്സ്, എമ്മ വാട്സണ്‍, കാറ്റി സെലെം എന്നിവരാണ് കുട്ടികളെ സന്ദര്‍ശിച്ചത്. എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയിലായിരിക്കും യുണൈറ്റഡ് താരങ്ങളുടെ ക്രിസ്മസ് ആഘോഷം.

സമ്മാന പൊതികളുമായെത്തുന്ന താരങ്ങള്‍ ഒരു ദിവസം മുഴുവന്‍ ആശുപത്രിയില്‍ ചെലവഴിക്കും. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനം നല്‍കിയും ആഘോഷമാക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിസേബിള്‍ഡ് സപ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് പാര്‍ട്ടിയിലും പുരുഷ ടീം എത്തിയിരുന്നു.

Story highlights : Manchester United celebrates Christmas with children in hospital