‘വാക്കുകള്‍ പോലെ നീലക്കടലിനെ നിശബ്ദമാക്കി’ ഇതിഹാസ നായകര്‍ക്കൊപ്പം ഇനി പാറ്റ് കമ്മിന്‍സും

November 20, 2023
Australian Captain Pat Cummins in Cricket World Cup 2023

The Mighty Aussies… ലോക ക്രിക്കറ്റിലെ അതികായര്‍ എന്ന വാക്കിന് അര്‍ഹര്‍ വേറാരുമല്ലെന്ന് ഒന്നുകൂടെ വിളിച്ചോതിയാണ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ കിരീടധാരണം. ഈ ലോകകപ്പില്‍ ഏറ്റവും സ്ഥിരതായര്‍ന്ന പ്രകടനം നടത്തി ഫൈനല്‍ വരെയെത്തിയ ഇന്ത്യയെ അവരുടെ തട്ടകത്തില്‍, ഒന്നരലക്ഷത്തോളം വരുന്ന നീലക്കടലിനെ സാക്ഷിയാക്കി കിരീടമുയര്‍ത്തുകയായിരുന്നു ഓസീസ്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ ഓസീസിന്റെ തിരിച്ചുവരവിനാണ് ലോകം സാക്ഷിയാത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുനിന്ന്് പൊരുതിക്കയറിയ പോരാട്ടവീര്യം. ലോകകപ്പ് പോലെയുള്ള വലിയ വേദികളില്‍ ഓസ്‌ട്രേലിയ എന്തുകൊണ്ട് മികച്ചുനില്‍ക്കുന്ന എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ പ്രകടനങ്ങള്‍. ( Australian Captain Pat Cummins in Cricket World Cup 2023)

ആദ്യ മത്സരങ്ങളില്‍ ഫീല്‍ഡിങ്ങ് പിഴവുകളാല്‍ ഏറെ പഴികേട്ടവര്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം പിടിച്ചെടുക്കുന്ന കാഴ്ച. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലും ഇന്ത്യയ്‌ക്കെതിരായ ഫൈനലിലും ആ പോരാമയ്കള്‍ മാറ്റിമറിച്ചുകൊണ്ട് വിമര്‍ശകരെ പ്രശംസകരാക്കുന്ന പ്രകടനം. ഫീൽഡിങ് കൊണ്ട് എങ്ങനെ മത്സരത്തെ ജയിക്കാം എന്ന് ഓസ്ട്രേലിയ സെമിയിലും ഫൈനലിലും കാണിച്ചുതരികയായിരുന്നു.

ഈ പ്രകടനത്തിലേക്കെല്ലാം ഓസീസിനെ നയിച്ച നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പ്രകടനവും ശ്രദ്ധേയമാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അനായാസം ടീമിനെ മുന്നോട്ട് നയിക്കുന്നതാണ് കമ്മിന്‍സിന്റെ പ്രത്യേകത്. ലോകകപ്പിന്റെ തുടക്കം മുതല്‍ എതിര്‍ ബോളര്‍മാരെ തല്ലിത്തകര്‍ത്ത് ഫൈനല്‍ വരെയെത്തിയ ഇന്ത്യയെ തളയ്ക്കുന്ന മികച്ച തന്ത്രങ്ങള്‍ തന്നെയാണ് കമ്മിന്‍സ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ഓസീസ് കലാശപ്പോരട്ടത്തില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി. കൃത്യമായ ഇടവേളകളില്‍ ബോളര്‍മാരെ മാറ്റിപ്പരീക്ഷിക്കുകയും മികച്ച ഫീല്‍ഡ് പ്ലേസ്‌മെന്റുമെല്ലാം അപാരമായിരുന്നു.

2021-ല്‍ ഓസീസിനന്റെ ടെസ്റ്റ് ടീമനെ നയിച്ചുകൊണ്ടാണ് പാറ്റ് കമിന്‍സ് ക്യാപ്റ്റനെന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. രണ്ട് വര്‍ഷത്തിനുപ്പറം 2023-ല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസീസിനെ കീരീടത്തിലേക്ക് നയിച്ചതോടെയാണ് കമ്മിന്‍സിന്റെ നായകപരിവേഷം ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതോടെ ഐസിസിയുടെ എല്ലാ കിരീടങ്ങളും ഷെല്‍ഫിലെത്തിക്കുന്ന ഏക ടീം എന്ന നേട്ടവും ഓസ്‌ട്രേലിയ സ്വന്തമാക്കി. ഓവലിലെ കലാശപ്പോരില്‍ ഇന്ത്യയെ കീഴടക്കിയാൻ ഓസീസ് ആ സ്വപ്‌നനേട്ടം സ്വന്തമാക്കുന്നത്.

പിന്നീട് ഇംഗ്ലണ്ടില്‍ നടന്ന ആഷസ് സീരീസില്‍ കിരീടം നിലനിര്‍ത്താനും പാറ്റ് കമ്മിന്‍സ് നയിച്ച ഓസീസ് സംഘത്തിനായി. ആരോണ്‍ ഫിഞ്ച് പടിയിറങ്ങിയതോടെയാണ് കമ്മിന്‍സ് ഏകദിന ടീമിന്റെയും നായകപദവിയിലേക്ക് എത്തുന്നത്. ലോകകപ്പിന് മുന്‍പ് രണ്ട് ഏകദിനത്തില്‍ മാത്രം ടീമിനെ നയിച്ച പരിചയുമായാണ് പാറ്റ് കമ്മിന്‍സ് ഇന്ത്യയിലേക്കെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റു. എന്നാല്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച കമ്മിന്‍സ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.

ഇത്രയും വലിയ ആരാധക കൂട്ടത്തെ നിശബ്ദമാക്കുന്നതിലും ആത്മസംതൃപ്തി നല്‍കുന്ന മറ്റൊന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി കമ്മിന്‍സ് പറഞ്ഞത് മൈതാനത്ത് പ്രവൃത്തിച്ച് കാണിക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം വരുന്ന നിശബ്ദമായ നീലക്കടലിനെ സാക്ഷിയാക്കി കിരീടമുയര്‍ത്തി. ലോകകിരീടം നേടിക്കൊടുത്ത വിഖ്യാത നായകന്‍മാരുടെ പട്ടികയിലേക്ക് കമ്മിന്‍സും വന്നുചേരുന്നു. അതോടൊപ്പം ലോകകപ്പിലേക്ക് ടീമിനെ നയിച്ച ഫാസ്റ്റ് ബോളര്‍മാരുടെ പട്ടികയിലേക്ക് കമ്മിന്‍സും. ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്, പാക് നായകന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ പേസ് ബോളര്‍ നായകന്‍മാർ.

Story Highlights : Australian Captain Pat Cummins in Cricket World Cup 2023