ഐ.സി.സി കലാശപ്പോരിൽ വീണ്ടും ഓസീസിനോട് തോറ്റ് ഇന്ത്യ; അണ്ടർ 19 കിരീടം ഓസ്ട്രേലിയയ്ക്ക്..!

February 11, 2024

ഒരിക്കൽകൂടി ഐസിസി ടൂർണമെന്റിൽ ഓസ്ട്രേലിയൻ കരുത്തിന് മുന്നിൽ അടിപതറി ടീം ഇന്ത്യ. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഏകദിന ലോകകപ്പിലും അതിന് മുമ്പ് ജൂണിൽ നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പരാജയപ്പെട്ട ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് തോൽവി വഴങ്ങിയത്. ഇന്ത്യൻ കൗമാരപ്പടയെ 79 റൺസിന് പരാജയടപ്പെടുത്തിയാണ് ഓസ്ട്രേലിയയുടെ കിരീടധാരണം. കം​ഗാരുക്കളുടെ നാലാം അണ്ടർ 19 കിരീടമാണിത്. ‍നേരത്തെ 1988, 2002, 2010 വർഷങ്ങളിലാണ് ജേതാക്കളായത്. ( Australia defeated india U19 world cup final )

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ മഹ്ലി ബിയേർഡ്മാൻ, റാഫ് മക്മില്ലൻ എന്നിവരാണ് ഓസീസിന് തകർപ്പൻ വിജയമൊരുക്കിയത്. 47 റൺസ് നേടിയ ആദർശ് സിംഗ് ഇന്ത്യയുടെ ടോപ്പ് സ്കോററായി.

254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഒരിക്കൽ പോലും ഓസ്ട്രേലിയക്ക് ഭീഷണി ഉയർത്താനായിരുന്നില്ല. മൂന്ന് റൺസെടുത്ത അർഷിൻ കുൽക്കർണി മൂന്നാം ഓവറിൽ തന്നെ മടങ്ങി. ആദ്യ 10 ഓവറിൽ വെറും 28 റൺസാണ് ഇന്ത്യ നേടിയത്. ഓസീസ് ബോളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റർമാർ വിയർത്തു.

13-ാം ഓവറിൽ 37 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ച് മുഷീർ ഖാൻ (22) പുറത്തായതോടെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ക്യാപ്റ്റൻ ഉദയ് സഹാറൻ (8), സച്ചിൻ ദാസ് (9), പ്രിയാൻഷു മോലിയ (9), ആരവല്ലി അവനീഷ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്ന നിലയിൽ പൊരുതി നോക്കിയ ആദർശ് സിംഗും പുറത്തായതോടെ ഏറെക്കുറെ ഇന്ത്യയുടെ ചെറുത്തുനിൽപ് അവസാനിച്ചു. രാജ് ലിംബാനിയും (0) വേഗം മടങ്ങിയതോടെ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

Read Also : ലെവർകുസനില്‍ വിപ്ലവം തീർത്ത് സാബി അലോന്‍സോ; കാത്തിരിക്കുന്നത് സ്വപനനേട്ടം..!

ഒമ്പതാം വിക്കറ്റിൽ മുരുഗൻ അഭിഷേകും നമൻ തിവാരിയും ചേർന്നാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആക്രമിച്ചുകളിച്ച മുരുഗന്, തിവാരി ഉറച്ച പിന്തുണനൽകിയതോടെ ഈ കൂട്ടുകെട്ട് 46 റൺസ് നീണ്ടു. 46 പന്തിൽ 42 റൺസ് നേടി മുരുഗൻ പുറത്തായതോടെ ഇന്ത്യ തോൽവിയുറപ്പിച്ചു. സൗമി പാണ്ഡെ (2) ആയിരുന്നു അവസാന വിക്കറ്റ്. നമൻ തിവാരി (14) നോട്ടൗട്ടാണ്.

Story highlights : Australia defeated india U19 world cup final