കലാശപ്പോര് വരെ കാര്യങ്ങള്‍ കൃത്യം; എതിരാളികളെ കീറിമുറിച്ച ഇന്ത്യയെ ഓസീസ് വീഴ്ത്തിയത് ഇങ്ങനെ..
ഒരു പക്ഷെ സമീപകാലത്ത് ഇന്ത്യന്‍ ടീമിന് ഇത്രയും നിരാശ സമ്മാനിച്ച മറ്റൊരു ചാംപ്യന്‍ഷിപ്പ് കഴിഞ്ഞുപോയിട്ടുണ്ടാകില്ല. അത്രയും സ്വപ്നതുല്യ കുതിപ്പായിരുന്നു രോഹിതും സംഘവും നടത്തിയിരുന്നത്. തുടക്കം മുതൽ ഫൈനൽ വരെ എതിരാളികളെ കീറിമുറിച്ചുള്ള സംഘടിത മുന്നേറ്റം. അഹമ്മദാബാദില്‍ ടോസ് വീഴുന്നത് വരെ ആത്മാവിശ്വാസത്തിന്റെ കൊടുമുടിയില്‍… അത്രമേൽ ശക്തമായിരുന്നു ഇന്ത്യൻ ടീം… 10 മത്സരങ്ങൾ തുടർച്ചയായി വിജയിച്ചു കൊണ്ടാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.. (
എന്നാല്‍ മറുവശത്ത് പതിയെ തുടങ്ങി ഫോമിലേക്കുയര്‍ന്ന ഓസ്ട്രേലിയ. വലിയ വേദികളില്‍ അപ്രമാദിത്വം കൈവിടാതെ കുതിക്കുന്ന ഓസീസ് കൃത്യമായ പ്ലാനിങ്ങുകളുമായിട്ട് തന്നെയാണ് ഫൈനലിനെത്തിയത്. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാവുന്ന അഹമ്മദാബാദിലെ പിച്ചില്‍ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങിന് അയച്ചത് മുതൽ ഈ തയ്യാറെടുപ്പിന്റെ ഭാഗമായിട്ട് കണക്ക് കൂട്ടാം.
പതിവുപോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന രോഹിതിനെയാണ് ആരാധകര്‍ കണ്ടത്. മറുവശത്ത് കൃത്യമായി പന്തെറിയുന്ന ഓസീസ് നിരയും. ആദ്യ പന്ത് മുതല്‍ പിച്ചിന്റെ വേഗവും സ്വിങ്ങും ടേണും മനസിലാക്കിയ പാറ്റ് കമ്മിന്‍സിന്റെ പേസ് സംഘം ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിച്ചു. ഈ സമ്മര്‍ദ്ദം മറികടക്കുന്നതിനായി അനാവശ്യ ഷോട്ടിന് ശ്രമിച്ച ഗില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്തായി.
പിന്നാലെ ക്രീസിലെത്തിയ കോലിയെ കൂട്ടുപിടിച്ച് രോഹിത് അടിതുടര്‍ന്നതോടെ ഓസീസ് ആദ്യത്തെ ബൗളിങ് ചെയ്ഞ്ച് കൊണ്ടുവരുന്നു. വേഗം കുറഞ്ഞ പിച്ചിൽ മാക്സ്വെലാണ് ദൗത്യം ഏറ്റെടുത്തത്. ഈ ഓവറില്‍ നിലയുറപ്പിക്കുന്നതിന് പകരം കൂറ്റനടിക്ക് ശ്രമിച്ച രോഹിതിനെ മനോഹരമായൊരു റണ്ണിങ് ആൻഡ് ഡൈവിങ് ക്യാച്ചിലൂടെ ഹെഡ് കൈയിലൊതുക്കി.
പിന്നാലെ ക്രീസിലെത്തിയത് മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്ഥനായ ശ്രേയസായിരുന്നു. എന്നാല്‍ നിലയുറപ്പിച്ചാല്‍ അപകടകാരിയായ ശ്രേയസിനെതിരെ പന്തെറിയാന്‍ എത്തിയ പാറ്റ് കമിന്സ.് അയ്യറുടെ കണക്കുട്ടലുകള്‍ തെറ്റിച്ചുകൊണ്ട് മികച്ച ഒരു ഇന്‍സ്വിങ്ങറിലൂടെ കമിന്‍സ് മടക്കടിക്കറ്റ് നല്കി. പിന്നാലെ ക്രീസിലെത്തിയ രാഹുലിലായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ കോലി-രാഹുല്‍ സഖ്യത്തിന് കടിഞ്ഞാണിടാന്‍ ഓസീസ് പാളയത്തില്‍ തന്ത്രങ്ങള്‍ ഒരുങ്ങിയിരുന്നു. ഓസീസ് പേസ് ബാറ്ററിയില്‍ നിന്ന് വേഗമേറിയ ലെങ്ത് ബോളുകളും ബൗണ്സറികളും പ്രതീക്ഷ കോലിയെയും രാഹുലിനെയും കാത്തിരുന്ന സ്ലോ ബോളുകളും കട്ടറുകളുമായിരുന്നു. ഇവര്‍ക്കൊപ്പം ആദം സാമ്പയുടെ ലെഗ് സ്പിന്നും ഇടവേളകളില്‍ മാക്സവെല്ലും എത്തി. ഫീല്‍ഡിങ്ങിലെ പ്രകടനം കൂടിയായതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ഒച്ചിന്റെ വേഗത്തിലായി.
കോലി അർധ സെഞ്ച്വറി പിന്നിട്ടത്തോടെ കമ്മിൻസ് വീണ്ടും വന്നു. കോലിയെ പുറത്താക്കിയ ഓസിസ് നായകൻ ഇന്ത്യയെ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. ക്രീസില്‍ നിലയുറപ്പിച്ച രാഹുലിന് കൂട്ടായെത്തിയത് ജഡേജ. ഇത്തവണ കമ്മിന്‍സ് തെരഞ്ഞെടുത്തത് ജോഷ് ഹെയ്സല്വുഡിനെയായിരുന്നു. ഓഫ്സൈഡില്‍ മനോഹരമായ കട്ടറിലൂടെ ജഡേജയെ വിക്കറ്റിന് പിന്നില്‍ ഇംഗ്ലിസിന്റെ കൈകളിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി. വെടിക്കെട്ടിന് പേരുകേട്ട സൂര്യകുമാറും നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയതോടെ ഇന്ത്യ കൂടുതല്‍ പരുങ്ങലിലായി. ഇതിനിടെ സ്റ്റാര്‍ക്കിന്റെ കട്ടറിന് മുന്നില്‍ അടിപതറിയ രാഹുലും മടങ്ങി. പിന്നാലെ ആശയക്കുഴപ്പത്തിലായ സൂര്യ ഹെയ്സല്‍വുഡിന്റെ ബൗണ്‍സറില്‍ വീണതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ബോളിങ്ങിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അതുശരി വയ്ക്കിന്നതായിരുന്നു ഷമിയും ബുമ്രറയും അടങ്ങുന്ന ബോളര്‍മാരുടെ പ്രകടനം. മുഹമ്മദ് ഷമി ഡേവിഡ് വാർണറെ പുറത്താക്കി. മാർഷിനെയും സ്മിത്തിനെയും പുറത്താക്കി ബുംറ കൂടി തിളങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർന്നു.
എന്നാൽ ഒരു വശത്ത് നിലയുറപ്പിച്ച ട്രാവിസ് ഹെഡിന് കൂട്ടായി മാർനസ് ലബുഷെയിൻ എത്തിയതോടെ ഇന്ത്യയുടെ കയ്യിൽ നിന്ന് മത്സരം വഴുതിപ്പോകുന്നതാണ് കണ്ടത്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതിന്റെ സമ്മര്‍ദം പതിയെ അതിജീവിച്ചു പതിയെ തുടങ്ങിയ ലബുഷെയിനും അടിച്ചുതകർത്ത ഹെഡും ചേർന്ന് ഓസീസിനെ വിജയതീരത്ത് എത്തിച്ചു.
കൃത്യമായി ഗൃഹപാഠം ചെയ്താണ് ഓസീസ് എത്തിയതെന്ന് വ്യക്തമായിരുന്നു. പേരുകേട്ട ഇന്ത്യൻ ബാറ്റർമാരെ, പേസർമാരെ, സ്പിന്നർമാരെ അതിലെല്ലാമുപരി അഹമ്മദാബാദിലെ പിച്ചിനെ എല്ലാം കൃത്യമായി മനസിലാക്കിയാണ് ഓസീസ് കളിതുടങ്ങിയത്. ആരാധകരുടെ ആവേശവും ഒറ്റയാൾ പോരാട്ടങ്ങളും മുന്നിൽകണ്ട് കിരീടം ഉറപ്പിച്ചിറങ്ങിയ ഇന്ത്യ ആ ഗൃഹപാഠത്തിന് മുന്നിലാണ് തോറ്റത്.
Story Highlights : Australia’s strategies in World Cup cricket final