ഒരു കാലത്ത് പേരുകേട്ട തീവ്രവാദ കേന്ദ്രം; ഇന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജില്ല
പ്രാകൃതമായ വെള്ളച്ചാട്ടങ്ങള്‍, വളഞ്ഞൊഴുകുന്ന നദികള്‍ മനംമയക്കുന്ന കാഴ്ചകളാല്‍ നിറഞ്ഞതാണ് അസമിലെ ഒരേയൊരു ഹില്‍ സ്റ്റേഷനായ ദിമാ ഹസാവോ. പ്രകൃതിഭംഗിക്കൊപ്പം കൊതിപ്പിക്കുന്ന കാലാവസ്ഥയ്ക്കുമൊപ്പം വൃത്തിക്കും ദിമ ഹസാവോ പേരുകേട്ടതാണ്. ഒരു കാലത്ത് പേരുകേട്ട തീവ്രവാദ കേന്ദ്രമായിരുന്ന ദിമ ഹസാവോ ജില്ല ഇന്ന് വടക്ക്കിഴക്കന്‍ ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ( Dima Hasao cleanest district of India )
ടൂറിസ്റ്റുകള്‍ക്കായി കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ ടൂറിസം അധികൃതര്‍. സാഹസികത, പരിസ്ഥിതി, ഗ്രാമീണത, കൃഷി, സാംസ്കാരികം, ഉത്സവം എന്നിങ്ങനെ അഞ്ച് മേഖലകളില്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ ഒരുക്കുന്നുണ്ട്. കൂടാതെ, സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത മേഖലയായി വികസിപ്പിക്കാനും ദിമ ഹസാവോയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജില്ലയാക്കുക എന്ന വലിയ ഉദ്യമത്തിനും അധികൃര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
റോഡ്, റെയില്‍വേ ഗതാഗതം വഴി അസമിലെ മറ്റു ഭാഗങ്ങളുമായി ദിമാ ഹസാവോ ബന്ധപ്പെട്ട് കിടക്കുകയാണ്. തുരങ്കങ്ങളിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്ന റെയില്‍പ്പാതകളിലൂടെയുള്ള യാത്ര മികച്ച അനുഭവമാണ് സമ്മാനിക്കുക. കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദീതീരങ്ങളിലുടെയും നിരവധി പാലങ്ങളും കടന്നാണ് ഈ ട്രെയിന്‍ യാത്ര. 2021-ല്‍ ഗുവാഹത്തിക്കും ഹാഫ്ലോങ്ങിനുമിടയില് വിസ്റ്റാഡോം ടൂറിസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.
Read Also: മസൂറിയും നൈനിറ്റാളും ഗുല്‍മര്‍ഗും; മഞ്ഞുകാലം ആസ്വദിക്കാനായി പോകാം..
വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായിട്ടാണ് ഹാഫ്ലോങ് റെയില്‍വേ സ്റ്റേഷന് കണക്കാക്കപ്പെടുന്നത്. പ്രകൃതിഭംഗിയില്‍ യുറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഹാഫ്ലോങ് നഗരം ബ്രിട്ടീഷുകാരുടെ കാലം മുതല്ക്കേ പ്രശസ്തമാണ്.
കൊളോണിയല്‍ ശൈലിയില്‍ പരിപാലിച്ചുപോരുന്ന ഹാഫ്ലോങ് നഗരത്തില്‍ നിരവധി തോട്ടങ്ങളും നന്നായി ആസൂത്രണം ചെയ്ത നടപ്പാതകള്‍ കാണാം. ഇതോടൊപ്പം മികച്ച റോഡുകളും റസിഡന്‍ഷ്യല്‍ ഹൗസുകളും ബംഗ്ലാവുകളും ഗോള്‍ഫ് കോഴ്സ്, മോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്.
Story Highlights: Dima Hasao cleanest district of India