കാതലുള്ള ബന്ധങ്ങളുടെ, തിരിച്ചറിവുകളുടെ ‘കാതൽ- ദി കോർ’
റിലീസിന് മുൻപ് തന്നെ വളരെയധികം ചർച്ചയായ ചിത്രമാണ് ‘കാതൽ- ദി കോർ’. ജിയോ ബേബി ചിത്രം എന്ന ലേബലിൽ മാത്രം മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്കിടയിലേക്കാണ് കാതൽ അതിന്റെ കോർ എത്തിച്ചത്. റിലീസിന് മുൻപ് മമ്മൂട്ടിയുടെ കഥാപാത്രത്തിനായാണ് എല്ലാവരും കാത്തിരുന്നതെങ്കിലും ചിത്രംകണ്ട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ അനേകം മുഖങ്ങളും അവരുടെയെല്ലാം ബന്ധങ്ങളുടെ കാതലുമാണ് ഉള്ളിലുണ്ടാകുക.
മമ്മൂട്ടി കാലങ്ങളായി അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ മുന്നിലുണ്ടെങ്കിലും വരാനിരിക്കുന്നവയിൽ കഴിഞ്ഞുപോയതിനേക്കാൾ മികച്ചത് അവശേഷിപ്പിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം നടത്താറുണ്ട്. മാത്യു ദേവസിയും അങ്ങനെയൊരു കഥാപാത്രമാണ്. ഒരുപക്ഷെ, ഇന്ത്യൻ സിനിമയിൽ ഒരു മുൻനിര താരം അവതരിപ്പിക്കാൻ തയ്യാറാകാത്ത ഒരു കഥാപാത്രത്തെയാണ് മലയാളത്തിന്റെ പ്രിയനടൻ സ്ക്രീനിൽ മികവോടെ എത്തിച്ചിരിക്കുന്നത്. ഓമനയെ കെട്ടിപിടിച്ചുകൊണ്ടുള്ള ആ ‘എന്റെ ദൈവമേ’ എന്ന മാത്യുവിന്റെ നിലവിളിയിൽ കണ്ണുനിറയാത്ത പ്രേക്ഷകനില്ല എന്ന് നിസംശയം പറയാം. ഒരു ഗൃഹനാഥൻ, അച്ഛൻ, ജനസമ്മതനായ സ്ഥാനാർഥി എന്ന നിലയിലെല്ലാം സ്വീകാര്യനായ മാത്യു പക്ഷെ ഭർത്താവ് എന്ന നിലയിൽ ഓമനയ്ക്ക് ഉണ്ടാക്കിയ മാനസിക വ്യഥ കാഴ്ചക്കാരിൽ ജിയോ ബേബി നിറയ്ക്കുന്നത് വളരെ വൈകാരികമായാണ്.
എങ്കിലും ഓമനയാണ് കാതലിന്റെ കാതൽ. ഒരു സാധാരണ വീട്ടമ്മ എന്നതിനേക്കാൾ വൈകാരികമായി പാകതയുള്ള ഒരു കഥാപാത്രത്തെയാണ് ജ്യോതികയ്ക്ക് ലഭിച്ചത്. നോട്ടങ്ങളിലൂടെയും ചെറിയ ചലനങ്ങളിലൂടെയും മാത്രം സംഭാഷണങ്ങളെക്കാൾ തീവ്രമായി സംസാരിക്കുന്നുണ്ട് ഓമന. അതീവ സൂക്ഷ്മതയോടെ ജ്യോതിക ഓമനയെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. അതിന്റെ ക്രെഡിറ്റ് നടി ജോമോൾക്ക് കൂടി ഉള്ളതാണ്. ചെറുതെങ്കിലും ശക്തമായ വാക്കുകളാണ് ഓമന പറയുന്നത്. ആ ശബ്ദം ജ്യോതികയ്ക്ക് പകർന്നത് ജോമോളാണ്. അതിഭാവുകത്വം ഇല്ലാതെ, മലയാളികൾക്ക് അടുത്തിടെ കേട്ടുപരിചയമില്ലാത്ത ആ പതിഞ്ഞ ശബ്ദം വലിയ വൈകാരിതകയാണ് സമ്മാനിച്ചത്.
തങ്കൻ എന്ന കഥാപത്രത്തെക്കുറിച്ച് പറയാനും പറയാതിരിക്കാനും വയ്യ. കണ്ടറിയേണ്ട വിസ്മയമാണ് സുധി കോഴിക്കോട് എന്ന കലാകാരൻ കാതലിൽ ചെയ്തുവെച്ചിരിക്കുന്നത്. തിയേറ്റർ വിട്ടിറങ്ങിയ ഓരോരുത്തരും തിരഞ്ഞുപോയതും ആ സാധാരണക്കാരനായ തങ്കൻ ആരെന്നറിയാനാകും. നോട്ടങ്ങളാണ് ഈ ചിത്രത്തിൽ അധികവും സംസാരിക്കുന്നത്. ഒന്നും മിണ്ടാതെ തങ്കനും മാത്യുവും പ്രേക്ഷകർക്ക് നൽകുന്ന സൂചനകൾ, അവർ പരസ്പരം കൈമാറുന്ന ഉറപ്പുകൾ..അവ തിയേറ്ററിൽ ഉയർത്തിയ ദീർഘനിശ്വാസങ്ങൾ അനേകമാണ്. സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാത്ത രണ്ടുപേർ നേർക്കുനേർ നിൽക്കുമ്പോഴും, അവയുടെ പ്രത്യഖാതങ്ങൾ അഭിമുഖീകരിക്കുന്നത് തങ്കൻ ആണ്. മാത്യു മറച്ചുവയ്ക്കപ്പെട്ട സത്യത്തിന്റെ ബലത്തിൽ മാത്യു ആശ്വസിക്കപെടുമ്പോൾ, തങ്കൻ കവലയിലും ആൾക്കൂട്ടങ്ങളിലും കല്ലെറിയപ്പെടുന്നു. എങ്കിലും അയാൾക്ക് സ്നേഹമാണ് വലുത്. അതിന്റെ സൂചനയും ജിയോ ബേബി പലയിടങ്ങളിലായി തങ്കനിലൂടെ നൽകുന്നുണ്ട്.
മാത്യു എല്ലാ ബന്ധങ്ങളുടെയും കാതൽ തിരിച്ചറിയുമ്പോൾ തങ്കന് അത് ഒരൊറ്റയാളിൽ മാത്രം ഒതുങ്ങുന്നു. അതേസമയം, ഹോമോസെക്ഷലിറ്റി ചികിൽസിച്ച് ഭേദമാക്കാനാകില്ല, അതൊരു രോഗമല്ല എന്ന വ്യക്തമായ ബോധ്യമാണ് ചിത്രം നൽകുന്നത്. മാത്യുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ കുറ്റസമ്മതത്തിലൂടെ തെറ്റുകൾ സമൂഹത്തിനാണ് സംഭവിച്ചത്, നമുക്കല്ല എന്ന തിരിച്ചറിവ് മാത്യുവിനും ഉണ്ടാകുന്നു. അതുണ്ടായത് ഓമനയുടെ ഒരൊറ്റ തീരുമാനത്തിലൂടെയാണ്. ഓമനയിലെ സ്നേഹം കാണാതെ ആരും തിയേറ്റർ വിട്ടിറങ്ങുന്നില്ല. എല്ലാ ബന്ധങ്ങളിലും ഓമന നിറയ്ക്കുന്ന സ്നേഹം. മാത്യുവിനോടുള്ള സ്നേഹം, ദേവസിയോടുള്ള സ്നേഹം, അതിനേക്കാൾ ഉപരി സ്വയം സ്നേഹിക്കണം എന്ന തിരിച്ചറിവ്.. അവിടെ എല്ലാം ‘കാതൽ’ വേറിട്ടുനിൽക്കുന്നു.
Read also: എന്തുകൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത്? അറിയാം
ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും അതിൽ വിജയിച്ചു. സാലു കെ തോമസിന്റെ ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്റെ ഫീൽ അതേപടി പ്രേക്ഷകനിലേക്ക് എത്തിച്ചതിൽ സാലു കെ തോമസ് കയ്യടി അർഹിക്കുന്നുണ്ട്. അതേസമയം, ചിത്രം സംസാരിക്കുന്നത് കാലഘട്ടത്തിന്റെ കഥയാണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ ധാരാളം ചർച്ചകൾ സജീവമാണെങ്കിലും ഒരു സിനിമയിലൂടെ സംവേദനം ചെയ്യുപ്പെടുകയെന്നാൽ അതിന്റെ വ്യാപ്തി വലുതാണ്. തീർച്ചയായതും കണ്ണും മനസും നിറയ്ക്കും ‘കാതൽ- ദി കോർ’.
Story highlights- kathal the core review