‘സിനിമ, സൗഹൃദം, കുടുംബം’- ഫാസിൽ കുടുംബത്തിനൊപ്പം ചാക്കോച്ചൻ

November 6, 2023

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരകുടുംബമാണ് ഫാസിലിന്റേത്. സംവിധാന രംഗത്ത് ഫാസിൽ തുടക്കമിട്ടപ്പോൾ മക്കളായ ഫഹദ് ഫാസിലും ഫർഹാൻ ഫാസിലും അഭിനയത്തിലാണ് ശ്രദ്ധ നൽകിയത്. ഫഹദിന്റെ ഭാര്യയായി ഈ വീട്ടിലേക്ക് എത്തിയ നസ്രിയയും, നടിയും നിർമാതാവുമാണ്. ഇപ്പോഴിതാ, ഫാസിൽ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയലോകത്തേക്ക് ബാലതാരമായി ചുവടുവെച്ചത്. അതേസമയം, ഫാസിലിന്റെ തന്നെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായകനായും കുഞ്ചാക്കോ ബോബൻ ചുവടുറപ്പിച്ചത്. കുടുംബസമേതമാണ് ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ കുഞ്ചാക്കോ ബോബൻ സന്ദർശിച്ചത്. ‘വളരെയധികം പ്രിയപ്പെട്ടവർക്കൊപ്പം-‘സിനിമ, സൗഹൃദം, കുടുംബം’ എന്ന ക്യാപ്ഷനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read also: “ഇവിടെ കത്തുകൾ ഒഴുകിയെത്തും”; കശ്മീരിലുള്ള ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്!

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ഈ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്‌സെറ്ററായി മാറി. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും പ്രേക്ഷകർക്കിടയിൽ ‘അനിയത്തിപ്രാവ്’ ആഘോഷിക്കപ്പെടാറുണ്ട്.

Story highlights- kunchacko boban shares photo with fazil’s family