ഇനി പഠിക്കാം ചില പാഠങ്ങൾ; മുടങ്ങിയപ്പോയ പഠനം പൂർത്തീകരിക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്!

November 23, 2023

പാതിവഴിയിൽ ഉപേക്ഷിച്ച പഠനം പൂർത്തിയാക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്. ഇനി പത്തു മാസം കഴിഞ്ഞാൽ 67 കാരനായ ഇന്ദ്രൻസിന് പത്താം ക്ലാസ് പാസായതിന്റെ സർട്ടിഫിക്കറ്റ് കിട്ടും. കേരള സംസ്ഥാനത്തിന്റെ അക്ഷരശ്രീ പദ്ധതി പ്രകാരം പത്താം ക്ലാസ് പൂർത്തിയാക്കാനുള്ള അപേക്ഷ അദ്ദേഹം നൽകി കഴിഞ്ഞു. അധികം വൈകാതെ തന്നെ ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡറായും അദ്ദേഹത്തെ കാണാം. (Malayalam actor Indrans to resume his studies)

ഏതു ക്ലാസ് വരെ പഠിച്ചു എന്നതിൽ ഇന്ദ്രൻസിന് ഉറപ്പില്ലാതിരുന്നതിനാൽ സാക്ഷരതാ മിഷൻ അധികൃതരാണ് 7-ാം ക്ലാസിനു ശേഷമാണ് അദ്ദേഹം പഠനം നിർത്തിയതെന്ന് രേഖകൾ പ്രകാരം കണ്ടെത്തിയത്. എല്ലാ ഞായറാഴ്ചകളിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ വെച്ചായിരിക്കും ക്ലാസ്സുകൾ. പത്തു മാസക്കാലം നീളുന്നതാവും പഠനം.

നടനെന്ന നിലയിൽ അംഗീകാരം ലഭിച്ചപ്പോഴും പഠിക്കാത്തതിൽ എന്നും കുറ്റബോധം തോന്നിയിരുന്നു എന്ന് ഇന്ദ്രൻസ് പറയുന്നു. ഭീതിയോടെയാണ് പലയിടത്തും താൻ പോയിരുന്നതെന്നും വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ആത്മവിശ്വാസത്തോടെ പലപ്പോഴും ആളുകളോട് ഇടപെടാനും സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ.

തയ്യൽ ഒരു തൊഴിലായി സ്വീകരിച്ച അദ്ദേഹത്തിന് പിന്നീട് വായന ശീലമായി. ആ വായനയാണ് തനിക്ക് ജീവിതത്തിലേക്ക് ഒരു ഉൾക്കാഴ്ച നൽകിയതെന്നും അദ്ദേഹം പറയുന്നു. അഭിനയത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകളേക്കാൾ ഈ സർട്ടിഫിക്കറ്റ് തിളങ്ങുമെന്ന് ഇന്ദ്രൻസ് പറയുന്നു.

Story highlights: Malayalam actor Indrans to resume his studies