എന്നെന്നും ജ്ഞാനിയും തമാശക്കാരിയുമായി തുടരട്ടെ..- മല്ലിക സുകുമാരന് പിറന്നാൾ ആശംസിച്ച് മക്കൾ

November 4, 2023

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മക്കൾ. സമൂഹമാധ്യമങ്ങളിൽ അമ്മയ്ക്കായി ഹൃദ്യമായ ആശംസകളാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മരുമക്കളായ സുപ്രിയയും പൂര്ണിമയുമുണ്ട്.

എന്നെന്നും ജ്ഞാനിയും തമാശക്കാരിയുമായി തുടരട്ടെ എന്നാണ് എല്ലാവരും കുറിക്കുന്നത്.  മലയാള സിനിമ ഇൻഡസ്‌ട്രിയിലെ അവിഭാജ്യ ഘടകമാണ് മല്ലിക സുകുമാരൻ. മികച്ച പ്രകടനങ്ങൾ നൽകുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത താരം.

Read also: എഐ ക്യാമറ പകർത്തിയ കാറിന്റെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം; പിന്നിൽ ഇരുന്ന കുട്ടികൾ ചിത്രത്തിലുമില്ല!

ജി.അരവിന്ദൻ സംവിധാനം ചെയ്ത് തിക്കോടിയൻ തിരക്കഥയെഴുതി 1974-ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ എന്ന മലയാള ചിത്രത്തിലാണ് ‘രാധ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട്, സിനിമകളിലെ പ്രതിനായിക വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും ശ്രദ്ധനേടി. 1974-ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ എന്ന ചിത്രത്തിലെ ‘റോസി ചെറിയാൻ’ എന്ന കഥാപാത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അവർ നേടി. ഏറ്റവുമൊടുവിൽ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ വേഷമിട്ടത്. ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ പ്രധാന വേഷം ചെയ്യുന്നത് മല്ലിക സുകുമാരനാണ്.

Story highlights- mallika sukumaran birthday