“ഇവിടെ എന്നും മഴ തന്നെ”; ലോകത്തിലെ ഏറ്റവും ഈർപ്പമുള്ള ഇടം ഇന്ത്യയിൽ!

November 7, 2023

വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ഖാസി കുന്നുകളുടെ കിഴക്കൻ ഭാഗത്ത് മൗസിൻറാം എന്നൊരു ചെറു ഗ്രാമമുണ്ട്. കുതിച്ചുയരുന്ന വെള്ളച്ചാട്ടങ്ങൾ, നിർത്താതെ പെയ്യുന്ന മഴ, പച്ച പരവതാനി വിരിച്ച താഴ്‌വരകൾ എന്നിവയൊക്കെ ഈ പ്രദേശത്തിന്റെ സവിശേഷതകളിൽ ചിലതാണ്. ഇന്ത്യയിലെ ഏറ്റവും ഈർപ്പമുള്ള ഇടമെന്ന നിലയിൽ പ്രശസ്തമായ മൗസിൻറാം വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ഒരു ഹിൽ സ്റ്റേഷനാണ്. ഇവിടെ പ്രതിവർഷം ഏകദേശം 12 മീറ്റർ മഴ ലഭിക്കാറുണ്ട്. (Mawsynram- the wettest place on earth)

അവിശ്വസനീയമായ സസ്യജന്തുജാലങ്ങളാൽ ഇവിടം അനുഗ്രഹീതമാണ്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായ മഴ നിങ്ങളെ സ്വാഗതം ചെയ്യും. യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ് മൗസിൻറാം എന്നതിൽ സംശയമില്ല.

Read also: ഷുകൂബോ; ജപ്പാനിലെ ബുദ്ധ സന്യാസിമാരോടൊത്ത് ഒരു ദിവസം ചിലവഴിക്കാം!

മൗസിൻറാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം വളരെ ശാന്തമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബൊട്ടാണിക്കൽ ഗാർഡനാണ്. ഇവിടെ വിവിധയിനം വിദേശ സസ്യങ്ങളും നാടൻ സസ്യങ്ങളും കാണാൻ കഴിയും. മൗസിൻറാമിലെ ഏറ്റവും പ്രധാനപ്പെട്ട, എന്നാൽ പലർക്കും അറിയാത്ത വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ് ദ്വാരക്‌സുയിഡ്. വിശാലമായ പാറക്കെട്ടുകളുള്ള മനോഹരമായ കുളമാണിത്. ഈ പ്രദേശത്തെ പാറക്കൂട്ടങ്ങൾ അവയുടെ തനതായ താമര പോലെയുള്ള ആകൃതി കാരണം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

സിമ്പർ റോക്ക് എന്നത് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ്. ഏതാണ്ട് പരന്ന മുകൾത്തട്ടിൽ ഒരു അപ്പത്തിന്റെ രൂപത്തിൽ താഴികക്കുടം പോലെ കുന്നുകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പാറക്കെട്ടാണിത്. മുകളിൽ നിന്ന് ചുറ്റുമുള്ള താഴ്വരകളും കുന്നുകളും അതിവേഗം ഒഴുകുന്ന ബംഗ്ലാദേശിലെ നദികളും കാണാൻ സഞ്ചാരികൾക്ക് കഴിയും.

തങ്ങളുടെ ഊഷ്മളവും സൗഹൃദപരവുമായ സ്വഭാവത്തിന് പേരുകേട്ടവരാണ് ഇവിടെയുള്ള ആളുകൾ. ‘ക്വായ്’ എന്ന് വിളിക്കപ്പെടുന്ന ചായ നൽകിയാണ് ഗ്രാമവാസികൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. വിശ്രമിക്കാൻ ഷെൽട്ടറുകളും അവർ വാഗ്ദാനം ചെയ്യാറുണ്ട്.

വർഷത്തിൽ ഏത് സമയത്തും മൗസിൻറാം സന്ദർശിക്കാൻ കഴിയുമെങ്കിലും ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ കാലത്താണ്. വായു ശുദ്ധവും ഇലകൾക്ക് തിളക്കവും പച്ചപ്പുമുള്ള ഈ സമയത്താണ് ഈ ഗ്രാമം അതിസുന്ദരിയായിരിക്കുന്നത്.

Story highlights: Mawsynram- the wettest place on earth