വേണം, പുരുഷന്മാരുടെ മനസികാരോഗ്യത്തിനും കരുതൽ; ലക്ഷണങ്ങൾ അറിയാം

November 9, 2023

മാനസികാരോഗ്യം ഇന്നത്തെ കാലത്ത് വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ജീവിതസാഹചര്യം മാറിയതോടെ ഇത്തരം കാര്യങ്ങളിൽ ആളുകളുടെ ശ്രദ്ധയും ധാരാളം എത്തുന്നുണ്ട്. എന്നാൽ, പലപ്പോഴും സംസാരിക്കാതെ പോകുന്ന ഒന്നാണ് പുരുഷന്മാരുടെ മാനസിക ആരോഗ്യം. പലരും ഇക്കാര്യങ്ങൾ സംസാരിക്കുന്നതിൽ നിന്നുപോലും ഒഴിഞ്ഞുമാറും. മാനസിക പ്രശ്നങ്ങൾ ഒരു വലിയ വെല്ലുവിളിയാണ്, പ്രത്യേകിച്ച് പുരുഷന്മാരുടെ കാര്യത്തിൽ.

എല്ലാവരെയും പോലെ അവരും വിഷാദം, ഉത്കണ്ഠ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കേറിയ ജീവിത സാഹചര്യം, ആവശ്യമില്ലാത്ത ജോലി സമ്മർദ്ദം, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, പരിമിതമായ വരുമാന അവസരങ്ങൾ മുതലായവ അവരുടെ സമ്മർദ്ദ നില വർദ്ധിപ്പിക്കുന്നു. തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ പുരുഷന്മാരെ ബലഹീനരായി കാണുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അതിനാൽ അവർ ‘പുരുഷൻ’ എന്ന മേധാവിത്വത്തിന്റെ കുപ്പായമണിഞ്ഞ് വികാരങ്ങളെ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രകടിപ്പിക്കാത്തിടത്തോളം, തുറന്നു പറയാത്തിടത്തോളം അവർ മാനസികമായ ആരോഗ്യകരമായ നിലയിലാണ് എന്ന് തെറ്റിദ്ധാരണ ഇനി വേണ്ട.

നമുക്കൊപ്പമുള്ള പുരുഷൻ, അത് അച്ഛനോ സഹോദരനോ സുഹൃത്തോ ജീവിത പങ്കാളിയോ ആകട്ടെ, അവരുടെ കടുത്ത മാനസികാവസ്ഥ തിരിച്ചറിയാൻ ചില മാര്ഗങ്ങളുണ്ട്. മാനസികരോഗ്യ പ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളത് പുരുഷൻമാർക്കാണെന്നാണ് മാനസികാരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മരണത്തിന് ഏറ്റവും വലിയ കാരണം 5-ൽ നാലും ആത്മഹത്യകളാണെന്ന് പറയപ്പെടുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, ഒരു പുരുഷനിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ ഒരു സ്ത്രീയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പുരുഷന്മാരിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ 5 പ്രധാന മുന്നറിയിപ്പ് സൂചനകൾ ഇവയാണ്.

പെട്ടെന്നുള്ള മൂഡ് മാറ്റം

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നനങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരു മനുഷ്യൻ ഊർജമില്ലാത്ത നിലയിലോ അമിതമായി പ്രയത്നിക്കുന്ന നിലയിലോ ആയിരിക്കും. മാനസികാവസ്ഥയിലെ അത്തരം തീവ്രമായ മാറ്റങ്ങൾ മിക്ക മാനസിക പ്രശ്നനങ്ങളിലും സാധാരണമാണ്.

ഉയർന്ന അളവിലുള്ള ഉത്കണ്ഠ


ഒരു മനുഷ്യൻ മാനസിക പ്രതിസന്ധി നേരിടുമ്പോൾ, അവർക്ക് അമിതമായ ഉത്കണ്ഠയും ഭയവും അനുഭവപ്പെടും. അമിതമായ ചിന്തകളും ആവലാതികളും ചേർന്ന്, മാനസിക പ്രതിസന്ധി അനുഭവിക്കുന്ന പുരുഷന്മാർക്ക് നിലതെറ്റാറുണ്ട്.

സ്ഥിരമായ ദുഃഖം


പുരുഷന്മാരിലെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ദീർഘനേരം നീണ്ടുനിൽക്കുന്ന സങ്കടമാണ്. പലപ്പോഴും വിഷാദവും അനുബന്ധ അവസ്ഥകളുമായി അവർ ഉഴലുന്നത് കാണാം. നിരാശ, നിസ്സഹായത, ശൂന്യത, ക്ഷോഭം തുടങ്ങിയ വികാരങ്ങൾ പലപ്പോഴും അനുഭവപ്പെടാം.

വിശപ്പിലെയും ഉറക്കത്തിലെയും മാറ്റങ്ങൾ


മാനസികപരമായി പ്രയാസമനുഭവിക്കുന്ന പുരുഷന്മാർക്ക് അവരുടെ വിശപ്പിൽ പലപ്പോഴും നാടകീയമായ മാറ്റങ്ങൾ അനുഭവപ്പെടുന്നു, ഒന്നുകിൽ അവർ മുമ്പത്തേതിനേക്കാൾ കുറവോ കൂടുതലോ കഴിക്കുന്നു. അവർക്ക് അവരുടെ ഉറക്ക രീതികളിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെടാം അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാം.

സമൂഹത്തിൽ നിന്നുള്ള ഒളിച്ചോട്ടം


പുരുഷന്മാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ഏറ്റവും വ്യാപകമായി നിരീക്ഷിക്കപ്പെടുന്ന അടയാളങ്ങളിൽ ഒന്നാണ് സാമൂഹികമായുള്ള ഒറ്റപ്പെടലും പിൻവാങ്ങലും. അവർ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയോ ഇടപഴകുകയോ ചെയ്യുന്നത് ഒഴിവാക്കാം, കൂടുതൽ അന്തർമുഖരായി സ്വയം ഒറ്റപ്പെട്ടേക്കാം, പ്രിയപ്പെട്ടവരുമായി പോലും സമ്പർക്കം ഒഴിവാക്കുമ്പോൾ നമുക്ക് ആ മാറ്റം മനസിലാക്കാൻ സാധിക്കും.

Read also: തുടക്കം മമ്മൂട്ടി ചിത്രത്തിലൂടെ; മലയാള സിനിമയിൽ ആദ്യമായി പര്‍സ്യുട്ട് ക്യാമറ!

ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ എത്രയും വേഗത്തിൽ തന്നെ അവർക്ക് കൃത്യമായ പരിചരണം ഉറപ്പുവരുത്തണം.

Story highlights- mens mental health