മുടിയിഴകളിൽ നിറപ്പകിട്ടാർന്ന കൗതുക ലോകം തീർത്ത് മിലേന; വ്യത്യസ്തയായൊരു ഹെയർ സ്റ്റൈലിസ്റ്റ്
പെൺകുട്ടികളുടെ അഴക് മുടിയിലാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. വളരെ കരുതലോടെ മുടി പരിപാലിക്കുന്നതുപോലെ തന്നെ അത് ഭംഗിയായി കെട്ടുന്നതും സ്ത്രീകൾക്ക് പ്രധാനപ്പെട്ടതാണ്. പൊതുവെ ഒന്നോ രണ്ടോ സ്റ്റൈലുകളിൽ കൂടുതൽ മുടിയിൽ പരീക്ഷിക്കാറില്ല ആരും. ഇപ്പോൾ യൂട്യൂബ് ട്യൂട്ടോറിയലുകളിലൂടെ കണ്ടുപഠിക്കുന്ന സ്റ്റൈലുകൾ പകർത്താൻ ചിലർ സമയം കണ്ടെത്താറുണ്ട്. അങ്ങനെയുള്ളവരിൽ ശ്രദ്ധേയയാണ് ജർമ്മൻ സ്വദേശിയായ മിലേന എന്ന പെൺകുട്ടി.
പതിനേഴുവയസുകാരിയായ മിലേന, മുടിയിൽ ഒരുക്കുന്ന വിസ്മയ കാഴ്ചകൾക്ക് പരിധിയില്ല. വിവിധ നിറവും സ്റ്റൈലുമൊക്കെയായി ഇൻസ്റാഗ്രാമിലൂടെ ശ്രദ്ധ നേടുകയാണ് ഈ പെൺകുട്ടി. മുടിയഴകിൽ നടത്തിയ നൂറിലധികം പരീക്ഷണങ്ങൾ മിലേന പങ്കുവെച്ചിട്ടുണ്ട്.
ആറാം വയസിൽ തുടങ്ങിയ വിനോദമാണ് മിലേനയ്ക്ക് കേശാലങ്കാരം. ഭംഗിയായ നിറങ്ങൾ ചേർത്താണ് മുടി പ്രധാനമായും ഒരുക്കുക. മുടിയൊരുക്കുന്നത് മനസിലെ ദുഃഖമെല്ലാം മാറ്റാനൊരു വഴി കൂടിയാണ് മിലേനയ്ക്ക്. മുൻപൊക്കെ ഇതിനായി സമയം കണ്ടെത്താൻ കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ദിവസത്തിന്റെ പകുതിയിലേറെ സമയവും കേശാലങ്കാരത്തിനായി മാറ്റിവെച്ചിരിക്കുകയാണ് മിലേന.
Read also: ഇനി മലേഷ്യയിൽ പോകാനും എളുപ്പം; വിസ രഹിത പ്രവേശനം അനുവദിച്ച് സർക്കാർ!
മറ്റാരും പരീക്ഷിക്കാത്ത തരത്തിൽ വാലേ വ്യത്യസ്തതയാർന്ന സ്റ്റൈലുകളാണ് മിലേനയുടെ പ്രത്യേകത. നിരവധിയാളുകൾ ഈ സ്റ്റൈലുകൾക്കായി ഇവരുടെ ഇൻസ്റ്റാഗ്രാം പേജ് പിന്തുടരുന്നുണ്ട്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സ്റ്റൈലുകൾ ഒരുക്കുന്നതാണ് തന്റെ വിജയമന്ത്രമെന്ന് മിലേനയും പറയുന്നു.
Story highlights- Milena the talented hair stylist