ഇനി മലേഷ്യയിൽ പോകാനും എളുപ്പം; വിസ രഹിത പ്രവേശനം അനുവദിച്ച് സർക്കാർ!

November 29, 2023

വിസയില്ലാതെ ഇന്ത്യക്കാർക്ക് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഒരു പേര് കൂടി. ഡിസംബർ 1 മുതൽ, ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്കുള്ള എൻട്രി വിസ ആവശ്യകതകൾ ഒഴിവാക്കാൻ ഒരുങ്ങുകയാണ് മലേഷ്യ. പുത്രജയയിൽ നടന്ന പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ വാർഷിക കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇബ്രാഹിം ഇക്കാര്യം അറിയിച്ചത്. (Visa-free visit to Malaysia for Indians from December 1)

ഡിസംബർ 1 മുതൽ മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എൻട്രി വിസ ആവശ്യമില്ല. വിസയില്ലാതെ 30 ദിവസം വരെ മലേഷ്യയിൽ തങ്ങാം. വിസ ആവശ്യകതകൾ എടുത്തുകളഞ്ഞെങ്കിലും, മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ സ്ക്രീനിംഗ് തുടർന്നും ഉണ്ടാകും.

Read also: ഇനി വിസ വേണ്ട; വേഗം പറക്കാം തായ്‌ലൻഡിലേക്ക്…

മലേഷ്യയെ സംബന്ധിച്ചിടത്തോളം ചൈനയും ഇന്ത്യയും പ്രധാന വിപണികളാണ്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ, മലേഷ്യയിൽ ആകെ 9.16 മില്യൺ വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയത്. അതിൽ 283,885 പേരും ഇന്ത്യയിൽ നിന്നാണ്.

പ്രവേശന പ്രക്രിയ ലളിതമാക്കുന്നതിലൂടെ, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും അതുവഴി മലേഷ്യയുടെ സാമ്പത്തിക വികസനത്തിന് വഴിയൊരുങ്ങുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ശ്രീലങ്കയ്ക്കും, വിയറ്റ്നാമിനും, തായ്‌ലൻഡിനും പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിച്ച നാലാമത്തെ രാജ്യമായി മാറുകയാണ് മലേഷ്യ.

Story highlights: Visa-free visit to Malaysia for Indians from December 1