കണ്ണില്‍ നിന്നും രക്തം ചീറ്റും, ബലൂണ്‍ പോലെ വീര്‍ക്കും; ഈ പല്ലി വര്‍ഗം എതിരാളികളില്‍ നിന്ന് രക്ഷപ്പെടുന്നത് ഇങ്ങനെ.!

November 28, 2023
Regal Horned Lizard Spews Blood From Its Eyes To Evade Predator

എല്ലാ ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയില്‍ അതിജീവിക്കാനും പുനരുല്‍പ്പാദിപ്പിക്കാനും അവയുടെ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രത്യേകതരം മഷി പുറന്തള്ളുന്ന കണവയും, സ്വയം വാല്‍ മുറിച്ച രക്ഷപ്പെടുന്ന പല്ലികളെ കുറിച്ചെല്ലാം നമുക്കറിയാം.. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പല്ലി വര്‍ഗത്തെ പരിചയപ്പെടാം. റീഗല്‍ ഹോണ്‍ഡ് ലിസാര്‍ഡ്, പല്ലി വര്‍ഗത്തിലെ ഉള്‍പെട്ട ഒരു ചെറിയ ഉരഗ ജീവി തന്നെയാണെങ്കിലും ഇവയുടെ രീതികള്‍ സാധാരണ നമ്മുടെ വീടുകളില്‍ കാണുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ( Regal Horned Lizard Spews Blood From Its Eyes To Evade Predator )

പല്ലികള്‍ വാല് മുറിച്ചാണ് ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതെങ്കില്‍ റീഗല്‍ ഹോണ്‍ഡ് ലിസാര്‍ഡ് കണ്ണുകളില്‍ നിന്നും രക്തം ചീറ്റിച്ചാണ് പ്രധാനമായും എതിരാളിയുടെ ശ്രദ്ധ തിരിക്കുന്നത്. മാത്രമല്ല ഇവ കണ്ണുകളില്‍ നിന്നും പുറന്തള്ളുന്ന രക്തത്തിന്റെ രുചി അത്ര സുഖകരമല്ലാത്തതിനാല്‍ ശത്രുക്കള്‍ ഇവയെ വേഗത്തില്‍ ഉപേക്ഷിക്കുകയാണ് പതിവ്. സാധാരണയായി മെക്‌സിക്കോയിലും അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളിലുമാണ് റീഗല്‍ ഹോണ്‍ഡ് ലിസാര്‍ഡുകളെ കണ്ടുവരുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഇവയ്ക്ക് മൂന്ന് മുതല്‍ നാല് ഇഞ്ച് വരെ വലിപ്പമുണ്ടാകും.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പിടികൂടാനെത്തിയ ചെന്നായയുടെ കയ്യില്‍ നിന്നും രക്ഷപ്പെടാനായി ചെന്നായയുടെ നേര്‍ക്ക് രക്തം ചീറ്റിക്കുന്ന റീഗല്‍ ഹോണ്‍ഡ് ലിസാര്‍ഡിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശത്രുവിന്റെ വായയും കണ്ണും ലക്ഷ്യമാക്കി് നാലടി ഉയരത്തില്‍ വരെ ഇത്തരത്തില്‍ രക്തം ചീറ്റിക്കാന്‍ കഴിയും്. കണ്ണുകളുടെ താഴ്ഭാഗത്തായുള്ള കണ്‍പോളയില്‍ നിന്നാണ് ഇവ രക്തം ചീറ്റിക്കുന്നത്.

Read Also: “ഒന്ന് സൂക്ഷിച്ചു നോക്കിക്കേ”; ജിറാഫ് തന്നെ, പക്ഷെ പുള്ളികളില്ല!

ശത്രുവിനെ തുരത്തുന്നതിനായി ഇത്തരത്തില്‍ പല തലണ രക്തം ചീറ്റിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. തീര്‍ന്നില്ല ശത്രുക്കളുടെ ശ്രദ്ധ തിരിക്കാന്‍ വേറെയും തന്ത്രങ്ങളുണ്ട്. പല്ലിയാണെങ്കിലും ഓന്തിനെപ്പോലെ നിറം മാറാന്‍് കഴിയും. ആ സൂത്രവിദ്യയിലും ശത്രു പിന്മാറിയില്ലെങ്കില്‍ പുറമേ നിന്നും വായു ഉള്ളിലേക്ക് വലിച്ചെടുത്ത് സ്വന്തം ശരീരം ഒരു ബലൂണ്‍ പോലെ വീര്‍പ്പിച്ച് ശത്രുവിന് വിഴുങ്ങാനാകാത്ത വിധത്തിലാക്കാനും ഇവയ്ക്ക് അറിയാം. അതോടൊപ്പം തന്നെ ശരീരത്തില്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മുള്ളുകളും ഇവയ്ക്ക് ഒരു രക്ഷാകവചമാണ്.

Story highlights : Regal Horned Lizard Spews Blood From Its Eyes To Evade Predator