മരണത്തിൽ നിന്നും രക്ഷിച്ച മനുഷ്യരെ പിരിയാൻ വയ്യ; കാട്ടിലേക്ക് അയച്ചിട്ടും തിരികെ എത്തി കുരുവി കുഞ്ഞ്- അപൂർവ്വ സൗഹൃദത്തിന്റെ കഥ
ചില സൗഹൃദങ്ങളും സ്നേഹ നിമിഷങ്ങളുമെല്ലാം എന്നും കണ്ടുനിൽക്കുന്നവരിൽ പോലും കൗതുകം ഉണർത്താറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു കുരുവിയുടെയും അപകടത്തിൽ നിന്നും അതിനെ രക്ഷിച്ച ദമ്പതികളുടെയും ആത്മബന്ധത്തിന്റെ ഹൃദയംതൊടുന്ന അനുഭവമാണ് ശ്രദ്ധനേടുന്നത്.
ചിബി എന്ന് വിളിപ്പേരുള്ള കുരുവി ഒരു പൂന്തോട്ടത്തിൽ പരിക്കുപറ്റി ജീവനുവേണ്ടി പോരാടുകയായിരുന്നു. പത്തുദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മരത്തിൽ നിന്നും വീണ് ചിബി എന്ന കുരുവിക്കും ഒപ്പം പിറന്ന കുരുവിക്കും പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന കുരുവിയ്ക്ക് വീഴ്ചയിൽ തന്നെ ജീവൻ നഷ്ടമായി. ഒരു സുഹൃത്തിന്റെ പൂന്തോട്ടത്തിൽ നിന്നുമാണ് ദമ്പതികൾക്ക് ചിബിയെ ലഭിച്ചത്. ജനിച്ച് ദിവസങ്ങൾ മാത്രമായ കുരുവിയെ അവർ വീട്ടിലേക്ക് കൊണ്ടുപോയി.
തൂവലുകൾ പോലും ഇല്ലാത്ത അവസ്ഥയിൽ ചൂട് നിലനിർത്താൻ അവയ്ക്ക് സഹായം ആവശ്യമായിരുന്നു. ചിബിക്ക് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കി നൽകി ദമ്പതികൾ. മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണവും കുരുവിക്ക് നൽകി. അതീവ ശ്രദ്ധയോടെയായിരുന്നു അവർ ചിബിയെ പരിചരിച്ചത്.
അധികം വൈകാതെ ചിബി പതുക്കെ ചിറകുകൾ വിടർത്തി പറക്കാൻ പഠിക്കാൻ തുടങ്ങി. താമസിയാതെ ചിബിയെ കാട്ടിലേക്ക് തിരികെ വിടാനുള്ള സമയമായി. കുരുവിയെ കാട്ടിലേക്ക് പറത്തിവിട്ടശേഷം ദമ്പതികൾ സുഹൃത്തിന്റെ വീട്ടിൽ ചിബിക്കായി ഒരു പക്ഷിക്കൂടും സ്ഥാപിച്ചു.
പക്ഷേ അടുത്തുള്ള മരത്തിലേക്ക് പറന്ന് കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചിബി തന്നെ രക്ഷിച്ചവരുടെ അടുത്തേക്ക്തിരികെ എത്തി. ചിബിയെ കാട്ടിലേക്ക് വിടാനുള്ള അവരുടെ തുടർ ശ്രമങ്ങളിലും സ്നേഹമയിയായ ആ കുരുവി തിരികെ വന്നുകൊണ്ടിരുന്നു.
Read also: സ്വന്തം റെക്കോർഡ് തകർത്ത് അയോദ്ധ്യ വീണ്ടും ഗിന്നസിലേക്ക്!
ഒടുവിൽ ദമ്പതികൾ ചിബിയെ ഒപ്പം കൂട്ടാൻ തീരുമാനിച്ചു. ഇപ്പോൾ ചിബി അവരോടൊപ്പം താമസിക്കുന്നു, അവരോടൊപ്പം എല്ലായിടത്തും പോകുന്നു. ചിബിക്ക് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ധാരാളം ഫോളോവേഴ്സും ഉണ്ട്.
Story highlights- sparrow keeps flying back to her rescuers