ഇന്ന് കേരളവർമയുടെ തീപ്പൊരി നേതാവ്, പഠനത്തിലും കലയിലും ഒരുപോലെ മിടുക്കൻ; ശ്രദ്ധനേടി ഫ്ളവേഴ്സിന്റെ വേദിയിലെ ‘കുഞ്ഞ് ശ്രീക്കുട്ട’ന്റെ പാട്ട്!!

November 7, 2023

ഇന്ന് കേരളത്തിൽ ശ്രീക്കുട്ടനെ അറിയാത്തവർ ഉണ്ടാകില്ല. കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട ശ്രീക്കുട്ടന് വന്‍ സ്വീകരണമാണ് കേരളക്കര നൽകിയത്. ജീവിതത്തിലെ ഒരു പരാജയവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തിയിട്ടില്ല എന്നുവേണം പറയാൻ. ഇരുട്ട് നിറഞ്ഞ കണ്ണുമായി ഈ ചെറുപ്പക്കാരൻ പിന്നിട്ട വെളിച്ചം തെളിയിച്ച ജീവിതം തന്നെയാണ് ഇതിനുള്ള മറുപടി. (Sreekuttan’s childhood performance on Flowers TV)

വർഷങ്ങൾക്ക് മുമ്പ് ഫ്ളവേഴ്സിന്റെ വേദിയിലും ഒരു കുഞ്ഞുബാലൻ എത്തി ജഡ്ജസ്സിനെയും പ്രേക്ഷകരെയും ഞെട്ടിച്ച നടത്തിയ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. ആ ബാലനാണ് ഇന്ന് വളർന്ന് കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പിലെ വിപ്ലവ നായകനായിരിക്കുന്നത്. എട്ട് വർഷം മുമ്പ് ഫ്ളവേഴ്സിൽ ടെലികാസ്റ് ചെയ്ത ഇന്ത്യൻ മ്യൂസിക് ലീഗ് എന്ന റിയാലിറ്റി ഷോയിലായിരുന്നു ശ്രീക്കുട്ടൻ പാടിയിരുന്നത്.

സോഷ്യൽ മീഡിയയിലൂടെ കണ്ട ഒരു ബാലന്റെ വീഡിയോയിൽ നിന്നായിരുന്നു ഫ്ളവേഴ്സിന്റെ വേദിയിലേക്കുള്ള ശ്രീക്കുട്ടന്റെ തുടക്കം. ശ്രീക്കുട്ടന്റെ പാട്ട് കണ്ട് ഒരു എപ്പിസോഡിന്റെ അവസാനത്തിൽ ഈ ബാലനെ കുറിച്ചറിയാവുന്നവർ ഫ്ളവേഴ്‌സുമായി ബന്ധപ്പെടാനുള്ള പരസ്യം നൽകുകയായിരുന്നു. അവിടെ നിന്നാണ് പാലക്കാടുള്ള ബാലനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.

അങ്ങനെ ഫ്ളവേഴ്സിന്റെ വേദിയിൽ പാടാനുള്ള അവസരം ശ്രീക്കുട്ടന് ലഭിക്കുകയായിരുന്നു. അന്ന് വേദിയിലെത്തി ജഡ്ജസിനെയും പ്രേക്ഷകരെയും ഈറനണിയിച്ച് ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയാണ് ശ്രീക്കുട്ടൻ തിരിച്ചുപോയത്.

പഠനത്തിലും കലയിലും ഇന്ന് ഒരുപോലെ മിടുക്കനാണ് ശ്രീക്കുട്ടൻ. മുണ്ടൂർ നാമ്പുള്ളിപ്പുര കൊളമ്പുള്ളി വീട്ടിൽ ശിവദാസിന്റെയും സുപ്രിയയുടെയും മകനായി ജനനം. എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയാണ് ശ്രീക്കുട്ടൻ കോളേജിൽ എത്തിയത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഉൾക്കരുത്ത് കൊണ്ട് നേരിട്ടാണ് ഈ ചെറുപ്പക്കാരന്റെ അഭിമാനകരമായ മുന്നേറ്റം.

Story highlights- Sree Kerala Varma College hero Sreekuttan’s childhood performance on Flowers TV