മകളുടെ വിവാഹം ക്ഷണിച്ച് അമ്മയുടെ അനൗൺസ്മെന്റ്; വൈറലായി വേറിട്ടൊരു കല്യാണം വിളി

November 13, 2023

കല്യാണമായാൽ നാടുനീളെ ഓടിനടന്ന് ക്ഷണിക്കുന്നത് പതിവാണ്. വിളിച്ചില്ലെങ്കിൽ അതിന്റെ പരാതി, തിരക്കിനിടയിൽ വിട്ടുപോയാൽ അതും പരാതി. എന്നാൽ, നീലേശ്വരം പട്ടേന നീരൊഴുക്കില്‍ അമ്മു നിലയത്തിലെ ഗീതാ റാവുവിന്റെ മകളുടെ വിവാഹം ആരും മറക്കില്ല. ക്ഷണിച്ചില്ലെന്ന പരാതിയും വരില്ല. കാരണം, ഒരു വേറിട്ട രീതിയിലാണ് ഇവർ മകൾക്കായി ക്ഷണം ഒരുക്കിയിരിക്കുന്നത്.

കത്തയച്ചും ഫോണ്‍ വിളിച്ചും നേരിട്ട് വിളിച്ചുമുള്ള കല്യാണങ്ങള്‍ നാം കാണാറുണ്ട്. ഡിജിറ്റൽ യു​ഗത്തിലാണേൽ വാട്സ്അപ്പ് കല്യാണ ക്ഷണങ്ങളും ഇന്ന് ധാരാളമായുണ്ട്. എന്നാൽ അനൗണ്‍സ്‌മെന്റ് നടത്തിയുള്ള കല്യാണം വിളിയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ അമ്മ തന്നെ സ്വന്തം ശബ്ദത്തിൽ അനൗണ്‍സ്‌മെന്റ് രൂപത്തില്‍ തയ്യാറാക്കിയ സന്ദേശമാണ് ഇപ്പോൾ വൈറല്‍.

നീലേശ്വരം പട്ടേന നീരൊഴുക്കില്‍ അമ്മു നിലയത്തിലെ ഗീതാ റാവുവാണ് വേറിട്ട ഈ പരീക്ഷണം നടത്തിയത്. ഇവരുടെയും അശോകന്‍ മൈലിട്ടയുടെയും മകള്‍ എം.ശ്രീലക്ഷ്മിയുടെ വിവാഹം 19 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുകയാണ്. മാതമംഗലം പാണപ്പുഴ പറവൂര്‍ തായലെപുരയില്‍ ഹൗസിലെ ടി.പി. ഗോപാലന്റെയും സി.ബീനയുടെയും മകന്‍ ഗോകുലാണ് വരന്‍. വിവാഹം അറിയിക്കാനായി കുടുംബ സുഹൃത്തായ പ്രശസ്ത അനൗണ്‍സര്‍ കരിവെള്ളൂര്‍ രാജനെ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹമാണ് വേറിട്ട ആശയം പറഞ്ഞത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് കരിവെള്ളൂരിലെ ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി അനൗണ്‍സ്‌മെന്റ്രൂപത്തില്‍ വിവാഹക്ഷണം തയാറാക്കി റെക്കോര്‍ഡ് ചെയ്തു.

Read also: ഗ്രാമി പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ പ്രധാനമന്ത്രിയുടെ ഗാനവും…

ബന്ധുക്കൾക്കും സഹപാഠികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും സമൂഹ മാധ്യമ കൂട്ടായ്മകള്‍ക്കുമെല്ലാം അനൗൺസ്മെന്റ് കല്യാണ സന്ദേശം ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി. വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളും പ്രശംസയും കിട്ടിയതോടെ വിവാഹ ക്ഷണപത്രത്തിനൊപ്പം ശബ്ദസന്ദേശവും എല്ലാവര്‍ക്കും നല്‍കി.

Story highlights- variety wedding invitation