ഒരൊറ്റ കോളിന് പലതും ചെയ്യാൻ കഴിയും-ആവേശം കൊള്ളിച്ച് ഷെയ്ൻ നിഗം ചിത്രം ‘വേല’

November 10, 2023

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ‘വേല’ ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പോലീസ് ത്രില്ലർ എന്ന നിലയിൽ എത്തിയ ചിത്രം അതിന്റെ അതുല്യമായ ത്രെഡ് കൊണ്ട് സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയെന്ന് നിസംശയം പറയാം. ഒരു പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു കോളിൽ നിന്നും തുടങ്ങുന്ന സിനിമ അതിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.

ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു കോൾ വരുന്നു. പ്രായപൂർത്തിയാകാത്ത തന്റെ മകൻ ഉൾപ്പെടെയുള്ള ഒരു കൂട്ടം യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഈ കോളിന്റെ ഉള്ളടക്കം. ചിത്രം പങ്കുവയ്ക്കുന്ന പ്രമേയമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. സർവീസിലിരിക്കെ, അച്ഛൻ മരിച്ചതിനെ തുടർന്ന് ജോലി ലഭിച്ച ആളാണ് ഷെയിൻ അവതരിപ്പിക്കുന്ന ഉല്ലാസ് അഗസ്റ്റിൻ എന്ന കഥാപാത്രം. ജോലിയോട് ആത്മാർത്ഥത പുലർത്തുന്ന ഉല്ലാസിന്റെ ജീവിതം കൺട്രോൾ റൂമിലേക്ക് എത്തിയ ആ അജ്ഞാത ഫോൺ കോളിനെ തുടർന്ന് മാറിമറിയുന്നു. അതിനിടയിലാണ് എസ് ഐ മല്ലികാർജ്ജുനൻ കടന്നുവരുന്നത്.

വില്ലൻ പരിവേഷമുള്ള മല്ലികാർജ്ജുനൻ ആയി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഷെയ്ൻ നിഗമും സണ്ണി വെയ്‌നും തങ്ങളുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു എന്ന് നിസംശയം പറയാം. ഇരുവരുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു. പോലീസ് ഓഫീസർമാർ എന്ന നിലയിലുള്ള പങ്കാളിത്തത്തിന്റെ പര്യവേക്ഷണം സ്റ്റോറിലൈനിൽ ദുരൂഹമായും നിലകൊള്ളുന്നു. അദിതി ബാലനും നമൃത എംവിയും നായികമാരായി എത്തുന്ന ചിത്രത്തിൽ ഇരുവരും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

Read also: ഇന്ന് കേരളവർമയുടെ തീപ്പൊരി നേതാവ്, പഠനത്തിലും കലയിലും ഒരുപോലെ മിടുക്കൻ; ശ്രദ്ധനേടി ഫ്ളവേഴ്സിന്റെ വേദിയിലെ ‘കുഞ്ഞ് ശ്രീക്കുട്ട’ന്റെ പാട്ട്!!

ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ സിദ്ധാർത്ഥ് ഭരതന്റെ സാന്നിധ്യം സിനിമയെ വേറിട്ടതാക്കുന്നുണ്ട്. എം.സജാസിന്റെ മികച്ച തിരക്കഥയും സംഭാഷണങ്ങളും, മഹേഷ് ഭുവനാനന്ദിന്റെ എഡിറ്റിംഗും, സുരേഷ് രാജന്റെ ആകർഷകമായ ഛായാഗ്രഹണവും കൊണ്ട്, വേല ഒരു മികച്ച ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നുണ്ട്.

Story highlights- vela movie review