ഇനി മുതൽ ലോകം എന്നെ ഇങ്ങനെ അഭിസംബോധന ചെയ്യണമെന്ന് ആഗ്രഹിക്കുന്നു- വിൻസി അലോഷ്യസ് പേര് മാറ്റുന്നു

ഏത് ടൈപ്പ് വേഷവും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുകയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, അവർഡ് തിളക്കത്തിൽ നിൽക്കുമ്പോൾ മറ്റൊരു വിശേഷം പങ്കുവയ്ക്കുകയാണ് നടി. താരം പേര് മാറ്റിയിരിക്കുകയാണ്. മമ്മൂട്ടി ആ പേരിൽ വിളിച്ചപ്പോൾ ഉണ്ടായ അനുഭൂതി പങ്കുവെച്ചുകൊണ്ടാണ് വിൻസി പുത്തൻ പേര് പങ്കുവെച്ചത്.
‘ആരെങ്കിലും എന്നെ “Win.C” എന്ന് പരാമർശിക്കുമ്പോഴെല്ലാം അത്ഭുതം തോന്നുന്നു. എനിക്ക് പെട്ടെന്ന് സന്തോഷവും അഭിമാനവും തരുന്നു.. ഞാൻ വിജയത്തെ കൈയിലെടുക്കുന്നത് പോലെ തോന്നുന്നു.. മമ്മൂക്ക എന്നെ “Winc” എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു.. അതിനാൽ ഞാൻ അത് മാറ്റുന്നു.. എന്റെ സന്തോഷത്തിന്.. ഇനി മുതൽ ലോകം എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’- വിൻ സി കുറിക്കുന്നു.
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. വികൃതി,ഭീമന്റെ വഴി, കനകം കാമിനി കലഹം, സോളമന്റെ തേനീച്ചകൾ , വൈറ്റ് ആൾട്ടോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടി. ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് വിൻസി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, രേഖയിലെ വിൻസിയുടെ അഭിനയം വളരെയധികം അഭിനന്ദനങ്ങൾ നേടിയിരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന ‘രേഖ’ പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമയാണ്.
Story highlights- vincy aloshious change her name to win c