‘ഇത് ഡോൺ ലേഡി’; തോക്കേന്തിയ അക്രമികളെ വിരട്ടിയോടിച്ച് സ്‌ത്രീ!

November 29, 2023

അക്രമികൾ ചേർന്ന് വെടിവെക്കാൻ ശ്രമിക്കുന്ന പുരുഷന് രക്ഷകയായി മാറി സ്ത്രീ. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ഇപ്പോൾ വ്യാപകമായി ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹരികിഷൻ എന്ന വ്യക്തിയെ ലക്‌ഷ്യം വെച്ച് വന്ന അക്രമികളെ ഒരു മടിയും കൂടാതെ, കയ്യിലുണ്ടായിരുന്ന ചൂല് വീശി വിരട്ടിയോടിക്കുകയാണ് സ്ത്രീ. (Viral video of brave woman threatening shooters with broomstick )

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഡാബർ കോളനിയിൽ ഇന്നലെ രാവിലെ 7:30 ഓടെയാണ് സംഭവം അരങ്ങേറിയത്. സിസിടിവി ദൃശ്യങ്ങളിൽ ആദ്യം വീടിന്റെ ഗേറ്റിന് സമീപം നിൽക്കുന്ന ഹരികിഷനെ കാണാം. രണ്ടു ബൈക്കുകൾ പെട്ടെന്നു സ്ഥലത്തെത്തുകയും വെടിയുതിർത്തുകൊണ്ട് അക്രമികൾ ഹരികിഷന് നേരെ പായുകയുമാണ്. രക്ഷപ്പെടാനായി ഓടുന്ന കിഷൻ നിലത്തു വീണെങ്കിലും ഗേറ്റിനുള്ളിൽ കടക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ബലം പ്രയോഗിച്ച് അക്രമികൾ ഗേറ്റ് തുറക്കാൻ ശ്രമിക്കുമ്പോഴാണ് സ്ത്രീ ഇടപെടുന്നത്. അമ്പരപ്പിക്കുന്ന ധീരതയോടെയാണ് ആയുധധാരികളായ അക്രമികളെ നേരിടുന്നത്. ഞെട്ടി ഭയന്ന അവർ ഒടുവിൽ പിൻവാങ്ങി. കൂട്ടത്തിലൊരാൾ സ്ത്രീക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. മറ്റ് മാർഗങ്ങളില്ലാതെ നാല് അക്രമികളും ബൈക്കിൽ അതിവേഗം കടന്നുകളഞ്ഞു. യുവതി കുടുംബാംഗമാണോ അയൽവാസിയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ഹരികിഷന്റെ ജീവൻ രക്ഷിക്കാൻ അവർക്ക് സാധിച്ചു. പിന്നീട് അയാളെ പരിശോധിക്കാൻ അവർ വീട്ടിൽ പ്രവേശിക്കുന്നതും കാണാം.

Read also: ‘കുറച്ച് പൊക്കം വേണം’; ഡബിൾ ഡെക്കർ സൈക്കിൾ കണ്ടുപിടിച്ച് വയോധികൻ!

സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ ആളുകൾ സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി കമെന്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. “എന്തൊരു ധീരയായ സ്ത്രീ, ഹാറ്റ്‌സ് ഓഫ്”, “ഡോൺ ലേഡി… ചൂല് vs തോക്ക്” എന്നിങ്ങനെ നീളുന്നു കമെന്റുകൾ.

പരിക്കേറ്റ വ്യക്തിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വെടിവെപ്പ് നടത്തിയവരെയും കൂടെയുണ്ടായിരുന്ന രണ്ട് ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Story highlights: Viral video of brave woman threatening shooters with broomstick