പ്രായം വെറും 17 മാസം; ചിലങ്ക കെട്ടി കഥക് നൃത്തം അഭ്യസിക്കുന്ന കുഞ്ഞ്-വിഡിയോ
കലയുടെ അനുഗ്രഹം എല്ലാവരിലും പലവിധത്തിലാണ്. കഴിവുകളും അഭിരുചികളും വ്യക്തികളിൽ വേറിട്ടുനിൽക്കുന്നു. എല്ലാത്തിലും ഒരുപോലെ കഴിവുള്ളവരുണ്ടാകാം, ഏതിലാണോ കഴിവെന്ന് തിരിച്ചറിഞ്ഞ് അവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ഉണ്ടാകാം. എന്നാൽ, തീരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തം പോലെയുള്ള കലകൾ ചിട്ടയോടെ പഠിച്ചെടുക്കുന്നത് പ്രയാസമാണെന്നത് അംഗീകരിച്ചേ മതിയാവു. കാരണം, നൃത്തം എന്നത് മനസും ശരീരവും ഒരുപോലെ പ്രവർത്തിക്കുന്ന ഒന്നാണ്. താളത്തിനും വഴക്കത്തിനും മുൻതൂക്കമുള്ള നൃത്ത വൈഭവം ഒരു ചെറിയ കുഞ്ഞ് എങ്ങനെ പഠിച്ചെടുക്കും?
ഓടികളിക്കേണ്ട പ്രായമാണ് 17 മാസം. ആ പ്രായത്തിൽ കുട്ടികൾ അടങ്ങിയിരിക്കുകയോ അച്ചടക്കത്തോടെ ശാന്തത പാലിക്കുകയോ ചെയ്യാറില്ല. എന്നാൽ, ഇവിടെ ഒരാൾ താരമാകുന്നത് കഥക് നൃത്തത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയാണ്. പ്രീതി ശർമ്മ എന്ന കഥക് നർത്തകി പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രീതിയുടെ മകളാണ് അമ്മയിൽ നിന്നും കഥക് പഠിക്കുന്നത്. വളരെ ക്ഷമയോടെ താളത്തിനനുസരിച്ച് കുഞ്ഞ് ചുവടുകൾ വയ്ക്കുന്നു. കൈകളും അതിനൊപ്പം തന്നെ ഏകോപിപ്പിക്കുന്നുണ്ട്.
സ്വര എന്നാണ് കുഞ്ഞിന്റെ പേര്. ഡയപ്പർ അണിഞ്ഞുള്ള കുഞ്ഞ് സ്വരയുടെ അത്ഭുതപ്പെടുത്തുന്ന ചുവടുകൾ സമൂഹമാധ്യമങ്ങളിൽ അമ്പരപ്പ് ഉളവാക്കുന്നുണ്ട്. അതേസമയം, ഇന്നത്തെ കാലത്തേ കുട്ടികൾ കൂടുതൽ സ്മാർട്ട് ആണെന്ന് പറയേണ്ടതുണ്ട്. അവർ സ്വയം കഴിവുകൾ തിരിച്ചറിയാനും അത് പോഷിപ്പിക്കാനും വളരെയധികം പ്രയത്നങ്ങൾ ചെയ്യുന്നുണ്ട്.
Story highlights- 17 month old kid kathak dance