ദീർഘകാല സ്വപ്നം സഫലമായി; നാട്ടിലെങ്ങും പാട്ടായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനയാത്ര!
കുട്ടിക്കാലം മുതൽ മനസ്സിൽ താലോലിക്കുന്ന ഒരുപിടി സ്വപ്നങ്ങൾ സ്വന്തമായി ഉള്ളവരാണ് നമ്മളിൽ പലരും. കാലമെത്ര കടന്ന് പോയാലും ചിലതൊന്നും ഇഷ്ടങ്ങളുടെ പട്ടികയിൽ നിന്ന് മാഞ്ഞുപോകില്ല. ചിലരെങ്കിലും കണ്ട സ്വപ്‌നങ്ങൾ നേടിയെടുക്കാതെ വിശ്രമിക്കാറുമില്ല. അങ്ങനെ കാലങ്ങളായുള്ള തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് പാലക്കാട് എലപ്പുള്ളിയിലെ പുഞ്ചപ്പാടം ഹരിതം കുടുംബശ്രീ പ്രവർത്തകർ. (18 member Kudumbashree gang lives their dream airplane journey)
നാട്ടിലെങ്ങും പാട്ടായ ഒരു വിമാനയാത്രയുടെ അമരക്കാരാണ് ഈ അമ്മമാർ. പാടത്തും പറമ്പിലും ജോലി നോക്കുന്ന നേരം ആകാശത്തെ ചുംബിച്ച് പറന്നകലുന്ന വിമാനങ്ങൾ കണ്ടനാൾ മനസ്സിൽ കയറിയ മോഹമാണ്. ഒരു വിനോദയാത്ര പോകണം, അതും വിമാനത്തിൽ. ഒടുവിൽ കോയമ്പത്തൂർ നിന്നും വിമാന മാർഗം ചെന്നൈയിലേക്ക് അവർ യാത്ര പോയി.
Read also: ‘എനിക്ക് നൂറു വയസായോ?’ സ്വന്തം പ്രായം വിശ്വസിക്കാനാകാതെ ഒരു മുത്തശ്ശി- വിഡിയോ
75-കാരി പാപ്പാത്തിയമ്മയടക്കം 18 പേർ ചേർന്ന സംഘമാണ് സ്വപ്ന യാത്രയ്ക്ക് പോയത്. പ്രായമുള്ളവർ ഉണ്ടെങ്കിൽ പോലും മടിച്ച് നിൽക്കാതെ എല്ലാവരും ഒരുപോലെ യാത്രയ്ക്ക് ഒരുങ്ങി. ഒരാൾക്ക് ആറായിരം രൂപയായിരുന്നു ചെലവ്. കുടുംബശ്രീയുടെ സ്വയംസംഘ വായ്‌പാ പദ്ധതിയിലൂടെയാണ് ഈ യാത്രയ്ക്കുള്ള തുക കണ്ടെത്തിയത്. ചെന്നൈയിലെത്തിയ സംഘം മഹാബലിപുരം ക്ഷേത്രവും മറീന ബീച്ചുമൊക്കെ കണ്ടാണ് മടങ്ങിയത്.
യാത്ര സുഖപ്രദമായിരുന്നു എന്ന് സംഘത്തിലെ മുതിർന്ന അംഗം പാപ്പാത്തിയമ്മയുടെ വക ഗ്യാരന്റിയും ഉണ്ട്. അടുത്ത വർഷവും വിമാനത്തിൽ തന്നെ മറ്റെവിടെയെങ്കിലും യാത്ര പോകണമെന്നാണ് ഈ അമ്മമാരുടെ ആഗ്രഹം.
Story highlights: 18 member Kudumbashree gang lives their dream airplane journey