‘എന്നും എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു’- വിജയകാന്തിന്റെ ഓർമ്മകൾ പങ്കുവെച്ച് റഹ്‌മാൻ

December 28, 2023

ഡിഎംഡികെ സ്ഥാപക നേതാവും ജനപ്രിയ തമിഴ് നടനുമായ വിജയകാന്ത് അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയാണ് ചെന്നൈയിൽ അന്തരിച്ചത്. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വെന്റിലേറ്റർ സപ്പോർട്ട് നൽകിയതായും പാർട്ടി ഔദ്യോഗിക എക്‌സ് ഹാൻഡിൽ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. നിരവധി ഓർമകളാണ് ആളുകൾക്ക് വിജയകാന്തുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കാനുള്ളത്. ഇപ്പോഴിതാ, നടൻ റഹ്‌മാൻ വിജയകാന്തിൽ നിന്നും ലഭിച്ച സ്നേഹത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

‘പ്രിയപ്പെട്ട ‘ക്യാപ്റ്റൻ’ വിജയകാന്ത് ഓർമ്മയായി. ഞങ്ങൾ തമ്മിൽ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വർഷങ്ങൾക്കു മുൻപാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിൻ്റെ സ്നേഹവും കരുതലും സൗഹൃദവും എൻ്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. നടൻ വിജയ് യുടെ അച്ഛനായ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത വസന്ത രാഗം എന്ന ആ സിനിമ തമിഴിലെ എൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ആ ചിത്രത്തിൽ സുധാചന്ദ്രൻ ആയിരുന്നു ഞങ്ങൾ രണ്ടുപേരുടെയും നായിക.

ബാലതാരമായി വിജയിയും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂപ്പർ സംവിധായകൻ ശങ്കറും ഏതോ ചെറിയ വേഷത്തിൽ അതിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഓർക്കുന്നു. പിന്നീട് ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിജയകാന്തിന് എന്നും എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആരാധകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ആഴം കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും അദ്ദേഹത്തിൻറെ നിലപാടുകൾ ഉറച്ചതായിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ…’.

Read also: തെളിനീരൊഴുകിയ നദി പെട്ടെന്ന് രക്തച്ചുവപ്പിൽ; റഷ്യയിലെ ഇസ്കിറ്റിംക നദിയിലെ നിറത്തിന് പിന്നിലെ ദുരൂഹത- വിഡിയോ

‘ക്യാപ്റ്റൻ’ എന്ന് പരക്കെ അറിയപ്പെടുന്ന വിജയകാന്തിന്റെ ജീവിതം തമിഴ് സിനിമാ വ്യവസായത്തിലെ വിജയകരമായ കരിയറാണ്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് അദ്ദേഹം 154 സിനിമകളിൽ അഭിനയിച്ചു. നടിഗർ സംഘത്തിൽ (ഔദ്യോഗികമായി സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ എന്നറിയപ്പെടുന്നു ) ഒരു സ്ഥാനം വഹിക്കുമ്പോൾ, വിജയകാന്ത് ദക്ഷിണ ചലച്ചിത്ര വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.

Story highlights- actor rahman about late actor vijayakanth