ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.! ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഡയലോഗില്‍ കേരള പൊലീസിനെ പ്രശംസിച്ച് കൃഷ്ണ പ്രഭ

December 2, 2023

കൊല്ലം ഓയൂരില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഇയാളുടെ കുടുംബവുമാണ് തെങ്കാശിയിലെ പുളിയറകോണത്ത് നിന്ന് കസ്റ്റഡിയിലായത്. മൂന്ന് പേരെയും അടൂര്‍ എആര്‍ ക്യാമ്പിലെത്തിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ( Actress Krishna Prabha praised Kerala police )

സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കകം പ്രതികളെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും പൊലീസിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. നേരത്തെ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് താരം പങ്കുവച്ച പോസ്റ്റിന് നേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന രീതിയിലാണ നടിയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; കഴിഞ്ഞ ദിവസം ഓയൂരില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടുകിട്ടിയപ്പോള്‍ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോള്‍ പലരും എതിര്‍ത്ത് മറുപടി ഇട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്.. കണ്ണൂര്‍ സ്‌ക്വാഡിന്റെ ക്ലൈമാക്‌സില്‍ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു..

Read Also: ‘കുട്ടിയെ കണ്ടെത്തുന്നതില്‍ മാധ്യമങ്ങളുടെ പ്രചാരണം നിര്‍ണായകമായി’; സന്തോഷം പങ്കിട്ട് ഷെയ്ന്‍ നിഗം

”നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..” ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട്. എന്നായിരുന്നു കൃഷ്ണപ്രഭ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Story Highlights : Actress Krishna Prabha praised Kerala police