തട്ടിപ്പുകാര്‍ പതിയിരിക്കുന്ന ചതിക്കുഴി; പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്ന് പൊലീസ്

November 30, 2023
Kerala police on public Wi-Fi network security issues

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിക്കുന്നത് സര്‍വസാധാരണയാണ്. അതോടൊപ്പം തന്നെ ഈ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍. പാസ്വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇ-മെയില്‍ അടക്കമുള്ള വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്. ( Kerala police on public Wi-Fi network security issues )

ഇത്തരത്തില്‍ പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിക്കുമ്പോള്‍ കുടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പബ്ലിക് വൈഫൈ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നാണ് അധികൃതര്‍ പറയുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇത്തരത്തിലൊരു ബോധവത്കരണ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ അപകടം വരുത്തിവയ്ക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ പണമിടപാട് സേവനങ്ങള്‍ നടത്താതിരിക്കുക. പാസ്വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ഇതിലൂടെ ചോര്‍ത്തിയെടുക്കും.

Read Also: 14 വയസ്സുകാരൻ ഇനി കോടീശ്വരൻ; ‘കോൻ ബനേഗാ കറോർപതി’യിൽ വിജയിയായ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി!

പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്. ഇത്തരത്തില്‍ ഓണലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം വിവരം 1930 ല്‍ അറിയിച്ചാല്‍ വേഗത്തില്‍ പണം തിരിച്ചെടുക്കാന്‍ കഴിയുമെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നുണ്ട്.

Story Highlights: Kerala police on public Wi-Fi network security issues