‘ഇവറ്റകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്!’- സ്ത്രീധന മരണങ്ങളെക്കുറിച്ച് നടി കൃഷ്ണ പ്രഭ

December 8, 2023

കേരളത്തിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അടുത്തിടെയായി സംഭവിച്ചത് സ്ത്രീധനത്തെ ചൊല്ലിയുള്ളതായിരുന്നു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ പോലും സ്ത്രീധന പീഡനങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ യുവതികളുടെ വാർത്തകളും അതിനെച്ചൊല്ലിയുള്ള മരണങ്ങളും ആവർത്തിക്കപ്പെടുകയാണ്. ഏറ്റവുമൊടുവിൽ അതിന്റെ ഇരയായത് ഷഹന എന്ന പെൺകുട്ടിയാണ്. പേരുകൾ മാറിവരുന്നതല്ലാതെ സ്ത്രീധനത്തെ സംബന്ധിച്ചുള്ള സ്ത്രീകളുടെ ആത്മഹത്യയും കൊലപാതകവുമെല്ലാം നിലനിൽക്കുകയാണ്. ഡോക്ടർ ഷഹനയുടെ ആത്മഹത്യയെ തുടർന്ന് നിരവധി ആളുകളാണ് സ്ത്രീധനത്തിനെക്കുറിച്ച് സംസാരിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. നടി കൃഷ്ണ പ്രഭയും ശക്തമായി പ്രതികരിക്കുകയാണ്.

കൃഷ്ണപ്രഭയുടെ വാക്കുകൾ;

ഷഹനയ്ക്ക് ആദരാഞ്ജലികൾ.. അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്!


അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.


പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് “പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..”, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്!
വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!’.

Read also: അന്താരാഷ്ട്ര ചലച്ചിത്ര മാമാങ്കത്തിന് നാളെ തുടക്കം; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി. ജി വിദ്യാർത്ഥിനിയായിരുന്നു ഡോ. ഷഹ്ന. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്.

Story highlights- actress krishnaprabha against dowry