‘ഗുണ്ടാനേതാവില്‍ നിന്ന് ബോളിവുഡിന്റെ ആക്ഷന്‍ സംവിധായകനിലേക്ക്’; അച്ഛനെക്കുറിച്ച് അജയ് ദേവ്ഗണ്‍

December 23, 2023

ബോളിവുഡിലെ പേരുകേട്ട ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്നു വീരു ദേവ്ഗണ്‍. ബോളിവുഡില്‍ ആക്ഷന്‍ വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍ മകനാണ്. ഇപ്പോള്‍ അച്ഛന്‍ സിനിമ സംഘട്ടന സംവിധായക രംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് അജയ് ദേവ്ഗണ്‍. ( Ajay Devgn reveals the story of his father Veeru Devgan )

13-ാം വയസിലാണ് വീരു ദേവ്ഗണ്‍ പഞ്ചാബില്‍ നിന്നും മുംബൈയിലേക്ക് ചേക്കേറിയത്. പണമില്ലാതെ യാത്ര ചെയ്തതിന് പിതാവിനെ പൊലീസ് പിടികൂടി ജയിലിലടച്ചിരുന്നും അജയ് ഓര്‍ത്തു പറഞ്ഞു. ജോലിയും താമസിക്കാന്‍ സ്ഥലവുമില്ലാതെ തെരുവില്‍ അലഞ്ഞുനടക്കുയായിരുന്നു. ഈ സമയത്താണ് കിടക്കാന്‍ സ്ഥലം നല്‍കാമെന്ന പറഞ്ഞുകൊണ്ട് ഒരാള്‍ വീരുവിനെ സമീപിക്കുന്നത്. ദിവസവും അദ്ദേഹത്തിന്റെ കാര്‍ കഴുകി നല്‍കുന്നതിന് പകരമായിട്ട് രാത്രിയില്‍ കാറിനകത്ത് കിടക്കാം എന്നായിരുന്നു അയാളുടെ വാക്കുകള്‍. ഇതോടെ താ്ല്‍കാലികമായി കിട്ടിയ കിടപ്പാടത്തിലായിരുന്നും ജീവിതം മുന്നോട്ടുപോയത്.

പിന്നാലെ മരപ്പണിക്കാരനായി ജോലി ചെയ്ത് തുടങ്ങിയ വീരു ദേവ്ഗണ്‍ ഒരു ഗുണ്ട സംഘത്തിന്റെ തലവനായി മാറുകയായിരുന്നു. സിയോണ്‍-കോലിവാഡ പ്രദേശത്ത് അറിയപ്പെടുന്ന ഒരു ഗുണ്ട നേതാവായിരുന്നു അച്ഛനെന്നും അജയ് പറയുന്നു. അങ്ങനെയിരിക്കെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്രശസ്ത സിനിമ സംഘട്ടന സംവിധായകന്‍ രവി ഖന്ന കണ്ടതോടെയാണ് വീരു ദേവ്ഗണിന്റെ ഭാവി ശോഭനമാകുന്നത്.

സംഘട്ടനം ശ്രദ്ധയില്‍പെട്ട് കാര്‍ നിര്‍ത്തിയ രവി ഖന്ന, വീരു ദേവ്ഗണിനെ വിളിച്ച് അടുത്ത ദിവസം തന്നെ നേരില്‍ കാണാന്‍ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അച്ഛന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. രവി ഖന്നയാണ് അച്ഛനെ സംഘട്ട സംവിധാന രംഗത്തേക്ക് കൈപിടിച്ചു നടത്തിയതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ ഷോയിലാണ് അജയ് ദേവ്ഗണ്‍ അച്ഛനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചത്.

Read Also : സ്വന്തം വീട്ടിൽനിന്നും പടിയിറങ്ങേണ്ടി വന്നു; ദുരിതക്കയത്തിൽ നടി ബീന കുമ്പളങ്ങി

കരിയറില്‍ 200-ല്‍ അധികം സിനിമകളുടെ സംഘട്ടനങ്ങള്‍ ഒരുക്കിയിട്ടുണ്ട് വീരു ദേവ്ഗണ്‍. ക്രാന്തി, റാം തേരി ഗംഗ മൈലി, മിസ്റ്റര്‍ നട്ട്‌വര്‍ലാല്‍, പ്രേം റോഗ് തുടങ്ങിയവ ആദ്ദേഹത്തിന്റെ സംഘട്ടന സംവിധാനത്തില്‍ പ്രധാനപ്പെട്ടതാണ്. 2019 മേയ് 27ന് മുംബൈയില്‍ വച്ചാണ് വീരു ദേവ്ഗണ്‍ മരണപ്പെട്ടത്.

Story highlights : Ajay Devgn reveals the story of his father Veeru Devgan