‘നിങ്ങളോടൊപ്പം, നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ’- നന്ദിയറിയിച്ച് അനശ്വര രാജൻ
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴകത്ത് നിന്നും വന്നു. എന്നാൽ, ഒരു പെർഫോമർ എന്ന നിലയ്ക്ക് അനശ്വര കയ്യടി നേടുന്നത് നേര് എന്ന ചിത്രത്തിലൂടെയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു പ്രകടനമാണ് നടി ചിത്രത്തിൽ കാഴ്ച്ചവെച്ചത്. മികച്ച അഭിപ്രായങ്ങൾ നേടിമുന്നേറുന്ന ചിത്രത്തിന്റെ വിജയത്തിനും എല്ലാവരുടെയും പിന്തുണയ്ക്കും നന്ദി അറിയിക്കുകയാണ് നടി.
‘ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്..എല്ലാവരോടും സ്നേഹം,നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ..കൂടെയുണ്ടാവണം’- അനശ്വര കുറിക്കുന്നു.
എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം തമിഴിൽ ജി വി പ്രകാശിന്റെ നായികയായും എത്തുകയാണ് നടി.കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.
പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായിമാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
Read also: ‘കണ്ണെത്താ ദൂരത്തൊരു വിസ്മയക്കാഴ്ച’; 2500 പ്രകാശവര്ഷമകലെ കോസ്മിക് ക്രിസ്മസ് ട്രീ
റാംഗി എന്ന ചിത്രത്തിൽ തൃഷയ്ക്കൊപ്പവും അനശ്വര വേഷമിട്ടു. എ.ആര് മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന് ത്രില്ലർ വിഭാഗത്തിലുള്ളതാണ്. എങ്കെയും എപ്പോതും, ഇവൻ വേറ മാതിരി തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. അതേസമയം, പ്രണയവിലാസം എന്ന ചിത്രത്തിലാണ് നടി മലയാളത്തിൽ ഏറ്റവും ഒടുവിൽ വേഷമിട്ടത്.
Story highlights- anaswara rajan’s gratitude note for audience