‘അനിമൽ’ സിനിമയിൽ താരമായി സെയ്ഫ് അലി ഖാന്റെ 800 കോടിയുടെ പട്ടൗഡി പാലസ്; കുടുംബവീട് തിരികെ നേടാൻ സെയ്ഫ് നടത്തിയത് സിനിമയെ വെല്ലുന്ന പോരാട്ടം!
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് രൺബീർ കപൂർ നായകനായി എത്തിയ അനിമൽ എന്ന ചിത്രമാണ്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ചിത്രം പ്രദർശനം തുടരുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്. കഥാഗതിക്കൊപ്പം സിനിമയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നായകന്റെ വീടാണ്. വിശാലമായ പുൽത്തകിടിയും കൊട്ടാരസമാനമായ വീടും പക്ഷെ ബോളിവുഡ് പ്രേക്ഷകർക്ക് സുപരിചതമാണ്. കാരണം, ഈ വീടും ഒരു മുൻനിര ബോളിവുഡ് താരത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.
ലോക്ക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റായ പട്ടൗഡി പാലസ് ആണ് സിനിമയിലും താരം. നടൻ സെയ്ഫ് അലി ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് പട്ടൗഡി പാലസ്. അദ്ദേഹത്തിന്റെ കുടുംബവീടാണ് ഇത്. അനിമൽ കൂടാതെ നിരവധി സിനിമകളിൽ ലൊക്കേഷനായിട്ടുള്ള ഈ വീടിന് നിരവധി കഥകൾ ഉണ്ട്. ഒരുപക്ഷെ, സിനിമയെ വെല്ലുന്ന പോരാട്ടമാണ് സെയ്ഫ് അലി ഖാൻ ഈ കൊട്ടാരത്തിനായി നടത്തിയത് എന്ന് പറയാം.
പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് സെയ്ഫ് അറിയപ്പെടുന്നത്. കാലങ്ങൾക്കു മുൻപ് കൈമോശം വന്നു നഷ്ടമായ പാലസ് കഠിനാധ്വാനത്തിലൂടെയാണ് സെയ്ഫ് അലി ഖാൻ തിരികെ സ്വന്തമാക്കിയത്. അതിനു പിന്നിൽ കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും ഒരു കാലമുണ്ട്.
പട്ടൗഡി കുടുംബത്തിലെ എട്ടാമത്തെ നവാബ് ആയിരുന്ന സെയ്ഫ് അലി ഖാന്റെ മുത്തച്ഛന് ഇഫ്തിക്കർ അലി ഖാൻ പണികഴിപ്പിച്ച കൊട്ടാരമാണ് പട്ടൗഡി പാലസ്. 1900 ലാണ് ഈ പാലസ് നിർമ്മിക്കുന്നത്. എന്നാൽ 2005 മുതൽ 2014 വരെയുള്ള കാലയളവിൽ ഈ കൊട്ടാരം ഒരു ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പായ നിർവാണ പാട്ടത്തിനു എടുത്തു നടത്തുകയായിരുന്നു.
ഇത്രയും വിലപിടിച്ച പൈതൃക സ്വത്ത് കൈമോശം വരുത്തരുതെന്ന ചിന്ത മുൻപ് തന്നെ സെയ്ഫ് അലി ഖാന് ഉണ്ടായിരുന്നു. സിനിമയിൽ നിന്നും സമ്പാദിച്ച തുക ഉപയോഗിച്ചാണ് സെയ്ഫ് കൊട്ടാരം തിരികെ സ്വന്തമാക്കിയത്. സെയ്ഫ് അലി ഖാന്റെ അച്ഛൻ മരിച്ചതോടെയാണ് കൊട്ടാരം പാട്ടത്തിനു നൽകിയത്. ഇന്ന് 800 കോടി ആസ്തിയുള്ള കൊട്ടാരം, ഹോട്ടൽ ഗ്രൂപ്പിൽ നിന്നും തിരികെ വാങ്ങാൻ സെയ്ഫ് കഠിനമായി കഷ്ടപ്പെട്ടു.
കാലാവധി കഴിയാത്തതിനാൽ ഹോട്ടൽ ഗ്രൂപ്പ് വലിയ തുകയാണ് സെയ്ഫിനോട് ആവശ്യപ്പെട്ടത്. അത് മുഴുവൻ നൽകി നഷ്ടപെട്ട പ്രതാപം കൊട്ടാരത്തോടെ സ്വന്തമാക്കി ചെറിയ നവാബ് കൂടിയായ സെയ്ഫ്. ഇപ്പോൾ കുടുംബത്തിനൊപ്പം അവധി ആഘോഷങ്ങൾക്കായി സെയ്ഫ് എത്തുന്നത് പട്ടൗഡി പാലസിലാണ്.
നൂറ്റിയമ്പതോളം മുറികളാണ് കൊട്ടാരത്തിലുള്ളത്. വളർന്നു വരുന്ന ഇളമുറക്കാരനായ തൈമൂർ അലി ഖാൻ, അച്ഛൻ തിരികെ സ്വന്തമാക്കിയ പട്ടൗഡി പാലസിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ഹരിയാനയിലെ ഗുഡ്ഗാവിൽ പത്തേക്കർ വളപ്പിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരവും, അതിഗംഭീരവുമാണ് ഈ കൊട്ടാരം. തന്റെ പൈതൃക സ്വത്താണെങ്കിലും പട്ടൗഡി പാലസ് തലമുറകളായി കൈമാറി ലഭിച്ചതല്ലെന്നു സെയ്ഫ് അലി ഖാൻ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.
Story highlights- animal movie location pataudi palace story