‘രണ്ടാമത്തവൾ വന്നതോടെ പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും’- കുറിപ്പ് പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

December 13, 2023

അവതാരകയായി എത്തി അഭിനേത്രിയിലേക്ക് ചുവടുവെച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ ആശ എന്ന കഥാപാത്രമായി അശ്വതി ശ്രീകാന്ത് മലയാളി മനസുകളിൽ ഇടംപിടിച്ചു. ആശയും ഉത്തമനും മക്കളുമൊക്കെയായി ചക്കപ്പഴം പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആശയായി അശ്വതിയെ പ്രേക്ഷകർ ഏറ്റെടുത്തപ്പോഴാണ് ഗർഭിണിയാണെന്ന സന്തോഷം താരം പങ്കുവെച്ചത്. ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോഴും ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴുള്ള പാരന്റിംഗും തമ്മിലുള്ള വ്യത്യാസം പങ്കുവയ്ക്കുകയാണ് ചെറിയൊരു കുറിപ്പിലൂടെ അശ്വതി. (aswathy sreekanth about parenting tips)

‘പദ്മ കുഞ്ഞായിരിക്കുമ്പോൾ ഒളിച്ചും പാത്തുമാണ് വീട്ടിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നത്. കണ്ടാൽ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാൻ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാൻ വീട്ടിൽ ഉള്ളവർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാൻ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തിൽ അത് കുഞ്ഞിന്റെ ഇൻസെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോൾ അവൾ കൂടുതൽ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവൾ കൂടുതൽ കൂടുതൽ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവൾ വന്നപ്പോൾ സ്ട്രാറ്റജി മാറ്റി. പോകുമ്പോൾ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോൾ ഞാൻ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവൾക്ക് ‌ഉറപ്പാണ്. ഞാൻ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാൻ അവൾക്ക് വിശ്വാസക്കുറവില്ല. എന്നാൽ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാൻ പോകുമ്പോൾ പോലും പറയും ‘അമ്മ ഞാൻ വന്നിട്ടേ പോകാവൊള്ളേ’ ന്ന്.

അതെ, ഞങ്ങൾ ആശയവിനിമയം നടത്തുന്ന രീതി ശരിക്കും പ്രധാനമാണ്. സുരക്ഷിതത്വം തോന്നുന്നതിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് വിശ്വാസം. ഈ വിശ്വാസ ബോധം പഠനം, സാമൂഹിക കഴിവുകൾ, പൊരുത്തപ്പെടുത്തൽ, വൈകാരിക വികസനം എന്നിവയ്ക്ക് അടിത്തറയിടുന്നു! നിങ്ങളുടെ അനുഭവങ്ങൾ പങ്കിടുക! സന്തോഷകരമായ രക്ഷാകർതൃത്വം ഉണ്ടാകട്ടെ..’- അശ്വതി കുറിക്കുന്നു.

read also: ‘ഇത് റോയൽ ക്രിസ്മസ് കാർഡ്’; ആശംസകളുമായി വില്യം രാജകുമാരനും കുടുംബവും!

മികച്ച അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം സ്നേഹം നേടിയ ആളാണ് അശ്വതി ശ്രീകാന്ത്. വളരെ രസകരമായ സംസാര ശൈലിയിലൂടെ ആളുകളെ കയ്യിലെടുക്കുന്ന അശ്വതി സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Story highlights- aswathy sreekanth about parenting tips