കളിച്ചു നേടിയ തുകയിൽ നിന്ന് പാചകക്കാരിക്ക് സമ്മാനം; ഹൃദയങ്ങൾ കീഴടക്കി കുരുന്ന്

December 14, 2023

ചുറ്റുമുള്ള കാര്യങ്ങൾ ഏറെ ശ്രദ്ധയോടും കരുതലോടെയും വീക്ഷിക്കുന്നവരാണ് കുട്ടികൾ. ഓരോ സംഭവങ്ങളെയും ആളുകളെയും അവർ കാണുന്ന വിധം മുതിർന്നവരിൽ നിന്നും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ഏവർക്കും മാതൃകാപരമായ ഒരു പ്രവർത്തിയാണ് അങ്കിത് എന്ന കൊച്ചു മിടുക്കൻ ചെയ്തിരിക്കുന്നത്. ഇതാകട്ടെ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ഇപ്പോൾ. (Child uses tournament money to gift a phone to house maid)

ഒരു കുട്ടിയും വീട്ടുജോലിക്കാരിയും തമ്മിലുള്ള വിലയേറിയ ബന്ധത്തെ എടുത്തുകാണിക്കുന്ന ഹൃദയസ്പർശിയായ സംഭവമാണിത്. താൻ ടൂർണമെന്റ് കളിച്ച് നേടിയ തുകയുടെ ഒരു ഭാഗം വീട്ടിലെ പാചകക്കാരിയായ സ്ത്രീയ്ക്ക് മൊബൈൽ ഫോൺ വാങ്ങാനായി അങ്കിത് മാറ്റിവെച്ചു. മാറ്റിവെയ്ക്കുക മാത്രമല്ല ആ തുക ഉപയോഗിച്ച് ഫോൺ വാങ്ങി സമ്മാനമായി നൽകുകയും ചെയ്തു. അങ്കിതിന്റെ പിതാവ് വി. ബാലാജിയാണ് സംഭവം X-ൽ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഇത് വൈറൽ ആകുകയും പക്വതയോടും നിഷ്‌കളങ്കതയോടുമുള്ള അങ്കിതിന്റെ പ്രവർത്തിയെ ഏവരും പ്രശംസിക്കുകയും ചെയ്തു.

മകൻ വീട്ടിലെ പാചകക്കാരിയായ സ്ത്രീയ്ക്ക് മൊബൈൽ ഫോൺ സമ്മാനിക്കുന്ന ചിത്രമാണ് ബാലാജി പങ്കുവെച്ചത്. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “വാരാന്ത്യ ടൂർണമെന്റുകൾ കളിച്ച് അങ്കിത് ഇതുവരെ 7000 രൂപ സമ്പാദിച്ചിട്ടുണ്ട്. ഇന്ന് അവൻ തന്റെ വിജയത്തിൽ നിന്ന് 2000 രൂപയ്ക്ക് ഞങ്ങളുടെ പാചകക്കാരി സരോജയ്ക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി. അവനെ 6 മാസം പ്രായമുള്ളപ്പോൾ മുതൽ പരിപാലിക്കുന്നത് സരോജയാണ്. മാതാപിതാക്കൾ എന്ന നിലയിൽ എനിക്കും ഭാര്യക്കും ഇതിലും വലിയ സന്തോഷമില്ല.”

Read also: ദീർഘകാല സ്വപ്നം സഫലമായി; നാട്ടിലെങ്ങും പാട്ടായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനയാത്ര!

അങ്കിതിന്റെ കഥ നിരവധി ഹൃദയങ്ങൾ കീഴടക്കുകയാണ്. പോസ്റ്റിന് താഴെയായി നിരവധി പേരാണ് സ്നേഹം അറിയിച്ചിരിക്കുന്നത്. കുട്ടി ഒരുപാട് ദൂരം സഞ്ചരിക്കാൻ കിടക്കുന്നു എന്നും ശരിയായ മൂല്യങ്ങൾ വളർത്തിയ മാതാപിതാക്കൾക്ക് അഭനന്ദനങ്ങളും അറിയിക്കുകയാണ് വ്യൂവേഴ്‌സിൽ ഒരാൾ.

Story highlights: Child uses tournament money to gift a phone to house maid