‘ആത്മാവിനെ നടുക്കിയ കഥ’; പളുങ്കിന്റെ 17 വര്‍ഷങ്ങള്‍, സന്തോഷവുമായി സംവിധായകന്‍ ബ്ലെസി

December 22, 2023

മമ്മൂട്ടി മോനിച്ചനായെത്തിയ ‘പളുങ്ക്’ തിയേറ്ററിലെത്തിയിട്ട് 17 വര്‍ഷങ്ങള്‍. മലയാളി പ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച ബ്ലെസിയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സിനിമയുടെ വാര്‍ഷിക ദിനത്തില്‍ ബ്ലെസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. (Director Blessy shares memory of 17 years of Palunku movie )

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ താമസിക്കുന്ന മോനിച്ചന്റെയും കുടുംബത്തിന്റെയും ജീവിതം വരച്ചുകാട്ടുന്ന ‘പളുങ്ക്’ സമകാലിക ലോകത്ത് ഏറെ പ്രസക്തമായ വിഷയമാണ് സംവദിക്കുന്നത്. വിശാലവും സ്‌നേഹസമ്പന്നവുമായ ഹൃദയത്തിന്റെ ഉടമയാണ് മമ്മുട്ടി അവതരിപ്പിക്കുന്ന മോനിച്ചന്‍ എന്ന കഥാപാത്രം.

‘പളുങ്ക് പുറത്തിറങ്ങി 17 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ പിടിമുറുക്കുന്നതിനാല്‍ ചിത്രത്തിന്റെ പ്രമേയം ഇപ്പോഴും പ്രസക്തമായി തുടരുകയാണ്’;’പളുങ്ക്’ 17 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച വൈകാരികമായ വാക്കുകളാണിത്.

പളുങ്കില്‍ സൂസമ്മ എന്ന നായിക വേഷത്തിലെത്തിയത് ലക്ഷ്മി ശര്‍മയായിരുന്നു. മമ്മുട്ടിയുടെ മക്കളായ ഗീതുവിനെയും നീതുവിനെയും അവതരിപ്പിച്ചത് നസ്രിയ നസീമും നിവേദിതയുമാണ്. സോമന്‍ പിള്ളയായെത്തിയ ജഗതി ശ്രീകുമാറും അധ്യാപകനായി എത്തിയ നെടുമുടി വേണുവും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

Read Also : സൗഹൃദത്തിൽ വാർത്തെടുത്ത മാസ്സ് സിനിമാനുഭവം; പ്രേക്ഷക കയ്യടിനേടി സലാർ; ഇത് പ്രഭാസ്- പൃഥ്വിരാജ് മാസ് ഷോ

രാജാ മുഹമ്മദ് ചിത്രസംയോജനവും സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ ചിത്രത്തിലെ മികവാര്‍ന്ന പ്രകടനത്തിന് മമ്മൂട്ടിക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിലെ മികച്ച നടനുള്ള പുരസ്‌കാരവും ദേശീയ അവാര്‍ഡ് നോമിനേഷനും ലഭിച്ചിരുന്നു.

Story Highlights : Director Blessy shares memory of 17 years of Palunku movie