സൗഹൃദത്തിൽ വാർത്തെടുത്ത മാസ്സ് സിനിമാനുഭവം; പ്രേക്ഷക കയ്യടിനേടി സലാർ; ഇത് പ്രഭാസ്- പൃഥ്വിരാജ് മാസ് ഷോ

December 22, 2023

പാൻ ഇന്ത്യൻ സിനിമയായ സലാർ തിയറ്ററിലെത്തുന്നതിന് മുൻപേ പ്രേക്ഷക ഹൃദയത്തിൽ വലിയ വലിയ പ്രതീക്ഷ ഉയർത്തിയിരുന്നു. ഇന്ത്യ മുഴുവൻ ആരാധകരേറ്റെടുത്ത കെജിഎഫിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ അടുത്ത ചലച്ചിത്രം എന്നതായിരുന്നു പ്രതീക്ഷയുടെ പ്രധാനകാര്യം. അതിനൊപ്പം പ്രഭാസും പൃഥ്വിരാജും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു എന്നതും പ്രേക്ഷക പ്രതീക്ഷയേറ്റിയിരുന്നു. ആരാധക പ്രതീക്ഷകൾ വെറുതെയായില്ല എന്നുറപ്പിക്കുകയാണ് ആദ്യ ഷോയ്ക്ക് ശേഷം ചിത്രം.

കെ ജി എഫ് -ന് ശേഷം പ്രശാന്ത് നീലെന്ന സംവിധായകന്റെ സലാറും മാസ് അനുഭവമാണ് കാഴ്ച്ചക്കാർക്ക് നൽകുന്നത്. അത്രമേൽ സ്നേഹാർദ്രമായി ചേർത്ത് പിടിക്കുന്ന രണ്ട സുഹൃത്തുക്കളിലൂടെ കഥ പറയുന്ന സിനിമ യുദ്ധവും യുദ്ധത്തിനൊരുക്കവും ഭരണക്കൊതിയുമടക്കമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ദേവ, വരദ എന്നി രണ്ട് പ്രിയ സുഹൃത്തുക്കളെ സിനിമയിലവതരിപ്പിക്കുന്നത് പ്രഭാസും പൃഥ്വിരാജുമാണ്.

സിനിമയുടെ പ്രമോഷൻ സമയങ്ങളിലെല്ലാം സംവിധായകനും നായകന്മാരും സംസാരിച്ച നാടകീയത തെല്ലും അലോസരപ്പെടുത്താതെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുന്നുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സൗഹൃദം, അമ്മയോടുള്ള സ്നേഹം , പ്രതികാരം , പിടിച്ചെടുക്കൽ തുടങ്ങി വിവിധങ്ങളായ ഇമോഷനുകളിലൂടെ കടന്ന് പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട് സലാർ.

കഴിഞ്ഞ കുറച്ച് നാളുകളായി പ്രേക്ഷക ഹൃദയത്തിൽ ഇരിപ്പുറപ്പിക്കുന്ന കഥാപാത്രങ്ങളില്ലാതെ പോയ പ്രഭാസിന് തിരിച്ച് വരവിനുള്ള അവസരം നൽകുന്നുണ്ട് സിനിമ. മലയാളത്തിന്റെ അഭിമാനമായ പൃഥ്വിരാജ് ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്നതിലേക്കുള്ള വളർച്ച്‌ കുറച്ച് കൂടി ശക്തമാക്കുകയാണ് ചിത്രത്തിലൂടെ. അലോസരം സൃഷ്ട്ടിക്കുന്ന പാട്ടുകൾ അനവസരത്തിൽ വരുന്ന പതിവ് മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൃദ്യമായ ഗാനങ്ങൾ സിനിമയിലുണ്ട്. പ്രേക്ഷകനെ ഇമോഷണലി പിടിച്ചിരുത്തുന്നതാണ് ഈ ഗാനങ്ങൾ.

Read also: ‘മട്ടര്‍ പനീറി’ല്‍ കഷണങ്ങള്‍ കുറഞ്ഞുപോയി’; വിവാഹപന്തലില്‍ കൂട്ടയടി

സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ദേവ, വരദ എന്നി സുഹൃത്തുക്കളുടെ കഥയിലൂടെയാണ്. ഖാന്‍സാര്‍ എന്ന പ്രദേശത്തെ പറ്റി സംസാരിക്കുന്ന സിനിമ രണ്ടാം ഭാഗത്തിനായി ആസ്വാദകനെ ക്ഷണിക്കുന്ന പ്രേക്ഷകനിൽ ആകാംഷ നിറയ്ക്കുന്ന വിധമാണ് അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് കൂടുതൽ ശക്തമാക്കുന്നുണ്ടിത്. ഹരം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങൾ സിനിമയ്ക്ക് ടിക്കറ്റെടുക്കാനുള്ള പ്രധാന കാരണമാണ്. മികവാർന്ന മിഴിവാർന്ന ദൃശ്യങ്ങൾ സിനിമയെ കൂടുതകൾ ശ്രദ്ധേയമാക്കുന്നുണ്ട്.

മാസ്സ് സിനിമയുടെ ആരാധകർക്ക് മികച്ച ക്രിസ്തുമസ് സമ്മാനമാണ് സലാർ. നിരാശ സമ്മാനിക്കില്ല ചിത്രമെന്ന് ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണത്തിൽ നിന്ന് മനസിലാക്കാം.

Story highlights- salaar movie review