വേറിട്ടൊരു ഭക്ഷണ പ്രേമം; 2023ൽ മുംബൈ നിവാസി സ്വിഗ്ഗിയിൽ നിന്നും വാങ്ങിയത് 42.3 ലക്ഷം രൂപയുടെ ഭക്ഷണം!
മടിപിടിച്ചൊരു ദിനം ആഹാരമൊന്നും ഉണ്ടാക്കാൻ വയ്യാത്തപ്പോൾ സ്വിഗ്ഗിയിൽ നിന്നും ഓർഡർ ചെയ്യുന്നത് എല്ലാവരുടെയും പതിവാണ്. ദിവസേന ഇങ്ങനെ ഓർഡർ ചെയ്ത് കഴിച്ചാലും ചെലവ് ഒരു വർഷം അവസാനിക്കുമ്പോൾ അത് ഒരുലക്ഷത്തിലധികം ആയിരിക്കാൻ സാധ്യതയില്ല. എന്നാൽ, മുംബൈ സ്വദേശിയായ ഒരാൾ 2023-ൽ സ്വിഗ്ഗിയിൽ നിന്ന് 42.3 ലക്ഷം രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തുവെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ഡിസംബർ 14-ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. അവിശ്വസനീയം, അല്ലെ?
2023 അവസാനിക്കുമ്പോൾ, സ്വിഗ്ഗി അതിന്റെ വാർഷിക ഫുഡ് ഡെലിവറി റിപ്പോർട്ട് ‘ഹൗ ഇന്ത്യ സ്വിഗ്ഗി’ പുറത്തിറക്കിയിട്ടുണ്ട്.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി ബിരിയാണി ഇത്തവണയും വാഴുകയാണ്. സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് ഇന്ത്യയുടെ ഡൈനിംഗ് മുൻഗണനകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതാണ്. എന്നാൽ, ഇത്തവണ ബിരിയാണിയെക്കണ് മുംബൈ നിവാസിയാണ് റിപ്പോർട്ടിലൂടെ ശ്രദ്ധനേടിയത്.
മുംബൈയിൽ നിന്നുള്ള ഒരു ഉപയോക്താവ് 42.3 ലക്ഷം രൂപയുടെ ഭക്ഷണ ഓർഡറുകൾ നൽകിയതായി സ്വിഗ്ഗി അതിന്റെ റിപ്പോർട്ടിൽ പറഞ്ഞു. കേക്കുകൾ, ഗുലാബ് ജാമുൻ, പിസ്സകൾ തുടങ്ങിയ വിവിധ പാചകരീതികളുടെയും ഭക്ഷണ പദാർത്ഥങ്ങളുടെയും പ്രിയം എങ്ങനെയാണ് എന്നും സ്വിഗ്ഗയ് വ്യക്തമാക്കി.
അതേസമയം, പതിവുപോലെ ഇന്ത്യക്കാരുടെ ഇഷ്ടവിഭവം ബിരിയാണിആണ്. അത് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാണ്. വർഷം മുഴുവനും സെക്കൻഡിൽ 2.5 സെർവിംഗ് എന്ന അമ്പരപ്പിക്കുന്ന നിരക്കിലാണ് ആളുകൾ ബിരിയാണി ഓർഡർ ചെയ്തത്. ബിരിയാണി സ്വിഗ്ഗിയുടെ ചാർട്ടുകളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തി. എട്ടാം തവണയാണ് ബിരിയാണി തന്റെ സ്ഥാനം അതേപടി നിലനിർത്തിയിരിക്കുന്നത്. ഒരു ഹൈദരാബാദ് സ്വദേശി, വർഷത്തിൽ മൊത്തം 1,633 ബിരിയാണികൾ ഓർഡർ ചെയ്തിട്ടുണ്ട്.
Story highlights- resident of Mumbai ordered food worth Rs 42.3 lakh in 2023