‘കഞ്ഞീം ചോറും തിന്നാത്ത വലിയുമ്മമാരെ പോലീസ് പിടിക്കും’- പാത്തൂട്ടി മുത്തശ്ശിയെ ആഹാരം കഴിപ്പിക്കാൻ കൊച്ചുമകന്റെ കേസ്!
അച്ഛനമ്മമാരുടെ മാതാപിതാക്കളുമായി അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്നവരാണ് കൊച്ചുമക്കൾ. ചെറുപ്പത്തിൽ അവർക്ക് താങ്ങും തണലും ആശ്വാസവുമാകുന്നത് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയാണ്. അമ്പിളി മാമനെ കാണിച്ച് ചോറ് തന്നും, കൊക്കാച്ചി പിടിക്കുമെന്ന് പറഞ്ഞ് ചെറുതായി പേടിപ്പിച്ചുമൊക്കെ അവർ കുട്ടികളുടെ ബാല്യം മനോഹരമാക്കുന്നു. എന്നാൽ, ഒരു പ്രായം കഴിഞ്ഞാൽ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ കുഞ്ഞുങ്ങളെക്കാൾ ചെറുതാകും. അവർക്ക് വാശിയുണ്ടാകും, ഭക്ഷണം കഴിക്കാതിരിക്കാനുള്ള അടവുകൾ ഉണ്ടാകും. അങ്ങനെ ആഹാരം കഴിക്കാൻ മടിയുള്ള, മരുന്ന് കഴിക്കാൻ ഇഷ്ടമില്ലാത്ത പാത്തൂട്ടി വലിയുമ്മയെ ചോറ് കഴിപ്പിക്കാനുള്ള കൊച്ചുമകന്റെ ശ്രമമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വലിയുമ്മയെ അരികിലിരുത്തി പത്രം വായിച്ചുനല്കിയാണ് ഈ മിടുക്കൻ രസകരമായി ഇക്കാര്യം അവതരിപ്പിക്കുന്നത്. ‘കഞ്ഞീം ചോറും തിന്നാതെ നടക്കുന്ന വലിയുമ്മമാരെ പിടിച്ചോണ്ട് പോകാൻ പോലീസ് ഇറങ്ങിയിട്ടുണ്ട് എന്നും 2000 രൂപയാണ് പിഴ ഈടാക്കുന്നത് എന്നുമാണ് പത്രത്തിൽ വാർത്ത വന്നിട്ടുള്ളതായി ഭാവിച്ച് കൊച്ചുമകൻ വായിക്കുന്നത്. താമസിക്കുന്ന സ്ഥലവും വീട്ടുപേരും വാർഡ് നമ്പറുമൊക്കെ പറഞ്ഞ് വലിയുമ്മയുടെ പേരും പറഞ്ഞാണ് ഈ മിടുക്കൻ വിശ്വസനീയമായ രീതിയിൽ വാർത്ത വായിക്കുന്നത്. ഭക്ഷണം കഴിക്കാതെ നടന്ന വലിയുമ്മയ്ക്ക് എതിരെ ബന്ധുവീട്ടിലെ ഒരാൾ കേസ് കൊടുത്തിട്ടുണ്ട് എന്നും അങ്ങനെ നടക്കുന്നവരെ ജയിലിൽ പിടിച്ചിടുമെന്നു പിണറായി വിജയൻ ഓറഞ്ഞിട്ടുണ്ട് എന്നുമൊക്കെയാണ് കൊച്ചുമകൻ പറയുന്നത്. മരുന്ന് കഴിച്ചില്ലെങ്കിലും ജയിലിൽ അടയ്ക്കുമെന്നും ഈ വിരുതൻ പറയുന്നുണ്ട്.
Read also: വിവിധ വർണങ്ങളിൽ സൂര്യൻ; ഇന്ത്യയുടെ ആദിത്യ-എൽ1 പകർത്തിയ സൂര്യന്റെ ആദ്യത്തെ ഫുൾ ഡിസ്ക് ചിത്രങ്ങൾ
ചുരുങ്ങിയ സമയംകൊണ്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറി. വലിയുമ്മയോടുള്ള കൊച്ചുമകന്റെ സ്നേഹം കണ്ടോ എന്നാണ് ആളുകൾ കമന്റ് ബോക്സിൽ പറയുന്നത്. ചിലർ അതിലും രസകരമായി, കൊച്ചുകുട്ടികളെ ചോറുകഴിപ്പിക്കാൻ എന്തെങ്കിലും വിദ്യയുണ്ടോ മോനെ എന്നുമൊക്കെ ചോദിക്കുന്നുണ്ട്. എന്തായാലും ഈ പാത്തൂട്ടിയും കൊച്ചുമകനും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിരിക്കുകയാണ്.
Story highlights- grandson and grandmother funny interaction