നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും, ചില പ്രഭാത ശീലങ്ങൾ

December 15, 2023

ദിവസവും ഉണരുന്നത് മുതലുള്ള ശീലങ്ങളാണ് ഒരാളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നത്. ചിട്ടയില്ലാത്ത പ്രഭാത ശീലങ്ങൾ ഉള്ളവർക്ക് എല്ലാദിവസവും എന്തെങ്കിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ജോലി ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഒന്നിനും സമയം തികയാത്ത അവസ്ഥയാണ് ചിട്ടയില്ലാത്ത പ്രഭാത ശീലങ്ങൾ സമ്മാനിക്കുന്നത്. സമാധാനപൂർവ്വമായൊരു ദിനത്തിന് വേണ്ടി ജീവിതത്തിൽ ചില ശീലങ്ങൾ ആവശ്യമാണ്. ജീവിതം മാറ്റിമറിക്കുന്ന ചില പ്രഭാത ശീലങ്ങൾ പരിചയപ്പെടാം.

പതിവായി ഉണരുന്ന സമയത്ത് നിന്നും ഒരു മണിക്കൂർ മുൻപ് ഉണരാൻ ശീലിക്കുക. കൃത്യമായി ഉണരുന്ന ശീലമില്ലെങ്കിൽ അങ്ങനെയൊരു സമയം ക്രമീകരിക്കുക. നേരത്തെ ഉണരുമ്പോൾ സാവധാനത്തിൽ വീട്ടുജോലികളും തിരക്കുകളും ഒതുക്കാൻ സാധിക്കും. ഒരുമണിക്കൂർ മുൻപ് ഉണരണമെങ്കിൽ ഒരു മണിക്കൂർ മുൻപ് ഉറങ്ങാനും ശീലമാക്കണം. ഇതിലൂടെ വൈകി ജോലി ചെയ്യുന്നതും ഉറങ്ങാൻ സാധിക്കാതെ വരുന്നതും പരിഹരിക്കാൻ സാധിക്കും.

ഉണർന്നാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. നന്നായി വെള്ളം കുടിക്കുന്ന ശീലം പലർക്കുമില്ല. നിങ്ങൾ ഉണരുമ്പോൾ ഒരു ഗ്ലാസ് വെള്ളം സ്ഥിരമായി കഴിക്കുന്നത് കൂടുതൽ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്ക് നൽകും. മാത്രമല്ല, ഉറക്കത്തിന്റെ ആലസ്യം വളരെ വേഗം മാറാൻ ഇത് സഹായിക്കും.

ദിവസവും 6 മണിക്കൂർ മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നവരാണ് എല്ലാവരും. ഇങ്ങനെ ഉറക്കം കഴിഞ്ഞ് ഉണരുമ്പോൾ ഷീണവും ആലസ്യവും അനുഭവപ്പെടും. ശരീരം ഒട്ടും വഴക്കമില്ലാത്ത അവസ്ഥയിലുമായിരിക്കും. അതുകൊണ്ട് ഉണരുമ്പോൾ വ്യായാമം ശീലമാക്കുക. യോഗ ചെയ്യുക, അല്ലെങ്കിൽ ജിമ്മിൽ പോകുക എന്നതൊക്കെ ചെയ്ത് ശരീരത്തെ ഉണർത്താൻ സാധിക്കും.

Read also: ഫിഫ ബെസ്റ്റ് 2023; മെസി, എംബാപ്പെ, ഹാലണ്ട് ചുരുക്കപ്പട്ടികയില്‍

രാവിലെ ഉണർന്നെണീറ്റ് ഇന്നെന്താണ് ധരിക്കേണ്ടത് എന്ന് ആശങ്കപ്പെടുന്നത് എല്ലാവർക്കും പതിവാണ്. അതുകൊണ്ട് തന്നെ തലേദിവസം രാത്രി തന്നെ എല്ലാം തയ്യാറാക്കി വയ്ക്കുക. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ദിവസം മുഴുവൻ ഊർജ്ജത്തോടെ ഇരിക്കണമെങ്കിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. വാരിവലിച്ച് കഴിക്കാതെ വളരെ സ്വസ്ഥമായി ഒരു പാട്ടൊക്കെ കേട്ട് ആഹാരം കഴിക്കാൻ ശ്രമിക്കുക.

Story highlights- habits that will change your life