ഫിഫ ബെസ്റ്റ് 2023; മെസി, എംബാപ്പെ, ഹാലണ്ട് ചുരുക്കപ്പട്ടികയില്‍

December 15, 2023

2023ലെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി, പി.എസ്.ജിയുടെ മുന്നേറ്റനിരക്കാരന്‍ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിങ് ഹാലണ്ട് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാലണ്ടും എംബാപ്പെയും തന്നെയാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. ( The Best FIFA Men’s Player finalists revealed )

നിലവിലെ ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാവാണ് മെസി. ഖത്തര്‍ ലോകകപ്പിലെ പ്രകടനം എട്ടാം ബാലണ്‍ ഡി ഓര്‍ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇന്റര്‍ മയാമിയെ ചരിത്രത്തില്‍ ആദ്യമായി ലീഗ്‌സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് 2023 ടോപ് ത്രീയിലെത്തിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ്.എ കപ്പും അടക്കം മഞ്ചസ്റ്റര്‍ സിറ്റിയെ ഹാട്രിക് കിരിടത്തിലേക്ക് നയിച്ച പ്രകടനമാണ് ഏര്‍ലിങ് ഹാലണ്ടിനെ ടോപ് ത്രീയിലെത്തിച്ചത്. പിഎസ്ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയാണ് എംബാപ്പെ ടോപ് ത്രീയില്‍ ഇടം നേടിയത്.

2023 ലെ ഫിഫ ബെസ്റ്റ് മികച്ച വനിത താരമാവാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് സ്പാനിഷ് താരങ്ങളായ ഐറ്റാന ബോണ്‍മാത്തിയും ജെന്നി ഹെര്‍മോസും കൊളംബിയയുടെ ലിന്‍ഡ കയ്‌സീഡോയുമാണ്. ജനുവരി 15ന് ലണ്ടനില്‍ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്‌കാരദാന ചടങ്ങ്.

Read Also : ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ക്കുമേല്‍ കനത്ത പ്രഹരം; നായകന്‍ ലൂണയ്ക്ക് സീസണ്‍ നഷ്ടമായേക്കും..

മികച്ച പരിശീലകനുള്ള ചുരുക്കപ്പട്ടികയും ഫിഫ പുറത്തുവിട്ടിട്ടുണ്ട. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, ഇന്‍ര്‍ മിലാന്‍ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗി, മുന്‍ നാപോളി പരിശീലകനായ ലുസിയാനോ സ്പല്ലെറ്റി എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്ളത്. വനിത വിഭാഗത്തില്‍ എമ്മ ഹെയ്സ് (ചെല്‍സി), സറീന വെയ്ഗ്മാന്‍ (ഇംഗ്ലണ്ട്), ജോനാഥന്‍ ജിറാള്‍ഡ്സ് (ബാഴ്സലോണ) എന്നിവരാണ് പട്ടികയിലുള്ളത്. ജനുവരി 15-ന് ലണ്ടനിലാണ് പുരസ്‌കാര പ്രഖ്യാപനം.

Story Highlights : The Best FIFA Men’s Player finalists revealed