ലോകഫുട്‌ബോളിന്റെ സിംഹാസനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്; മെസിയുടെ നാപ്കിൻ പേപ്പർ കരാർ ലേലത്തിന്..!

January 31, 2024

2002 ഫെബ്രുവരി 15-നായിരുന്നു സ്പാനിഷ് ലീഗിലെ വമ്പന്‍മാരായ ബാഴ്‌സലോണയുമായി ലയണല്‍ മെസി ഓദ്യോഗിക കാരാറില്‍ എത്തുന്നത്. അന്ന് മെസി ഒപ്പുവച്ച രേഖകളും താരത്തിന്റെ പഴയകാല ഫോട്ടോകളുമെല്ലാം കായിക പ്രേമികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2021-ല്‍, മെസി ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്തായിരുന്നു ആ അപൂര്‍വ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്നത്. ( Messi’s First Barcelona Contract Napkin Up for Auction )

അതോടൊപ്പം തന്നെ ആദ്യമായി ഒരു നാപ്കിന്‍ പേപ്പറില്‍ എഴുതി തയ്യാറാക്കി ഒപ്പുവച്ച മെസിയുടെ പ്രഥമ ബാഴ്‌സ കരാര്‍ കഥകളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ആ നാപ്കിന്‍ കരാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തവണ മെസിയുടെ ക്ലബ് മാറ്റമോ ബാഴ്‌സലോണയുമായി ബന്ധപ്പെട്ടതോ ഒന്നുമല്ല. ഫുട്‌ബോള്‍ ലോകം കാല്‍കീഴിലാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പെയുള്ള ആ ചരിത്ര പ്രസിദ്ധമായ നാപ്കിന്‍ പേപ്പര്‍ കരാര്‍ ലേലത്തിന് വയ്ക്കുകയാണ്.

നാപ്കിന്‍ പേപ്പര്‍ കരാറിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ ഇങ്ങനെയാണ്. 2000 സെപ്റ്റംബറിലാണ് അര്‍ജന്റീനയിലെ റൊസാരിയോയില്‍ നിന്നും ലയണല്‍ മെസി സ്‌പെയിനിലേക്ക് പറക്കുന്നത്. ആ യാത്ര ലോകഫുട്‌ബോളിന്റെ തന്നെ ചരിത്രം മാറ്റിക്കുറിക്കുന്ന ഒരു യാത്രയാകുമെന്ന് സാക്ഷാല്‍ ലയണല്‍ മെസി പോലും കരുതിയിട്ടുണ്ടാകില്ല. ട്രയലില്‍ മെസിയുടെ കഴിവ് തിരിച്ചറിഞ്ഞത് ബാഴ്സലോണയുടെ ടെക്നിക്കല്‍ സെക്രട്ടറി ചാര്‍ളി റെക്സാച്ചായിരുന്നു. ലയണല്‍ മെസി ലോകഫുട്‌ബോളിന്റെ ഭാവി വാഗ്ദനമാണെന്ന് തിരിച്ചറിഞ്ഞ റെക്സാച്ചിന് മുന്നില്‍ മെസിയെ ടീമിലെത്തിക്കുന്നതിന് കുറച്ചു പരിമിതകളുണ്ടായിരുന്നു.

അത്ര ചെറിയ പ്രായത്തിലുള്ള വിദേശതാരങ്ങളെ സൈന്‍ ചെയ്യുന്ന പതിവ് യുറോപ്യന്‍ ക്ലബുകള്‍ക്ക് ഇല്ലായിരുന്നു എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഇതോടൊപ്പം ബാഴ്‌സ അധികൃതരില്‍ മെസിയുടെ ഉയരക്കുറവുമായി ചെറിയ അതൃപ്തിയുമുണ്ടായിരുന്നു. കരാറില്‍ അനിശ്ചിതത്വം തുടര്‍ന്നതോടെ മെസിയുടെ പിതാവ് മറ്റൊരു ക്ലബിലേക്ക് പോകുമെന്ന ഭീഷണി ഉയര്‍ത്തി. ഇതോടെ എന്ത് വിലകൊടുത്തും മെസിയെ ടീമിനൊപ്പം നിലനിര്‍ത്തണമെന്ന് തീരുമാനത്തോടെ മെസിയുടെ പിതാവുമായി ചര്‍ച്ച നടത്തുകയായിരുന്നു ചാര്‍ളി റെക്സാച്ച്.

അങ്ങനെ മെസിയുടെ 12-ാം വയസില്‍ വെറുമൊരു നാപ്കിന്‍ പേപ്പറില്‍ എഴുതി തയ്യാറാക്കിയ ഒരു കരാര്‍ സമര്‍പ്പിക്കുകയാണ് റെക്സാച്ച്. 2000 ഡിസംബര്‍ 14ന് നാപ്കിന്‍ പേപ്പറിലെ കരാറിലെ ഒപ്പുവച്ചതോടെ മെസി തന്റെ ജീവിതം ബാഴ്‌സക്കായി സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് ഫുട്‌ബോള്‍ ലോകം സാക്ഷിയായ സുന്ദരനിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. ആ കരാറില്‍ നിന്നും പിന്നീട് ലോകഫുട്‌ബോളിന്റെ രാജപദവിയിലേക്കാണ് മെസി നടന്നുകയറിയത്.

2000 ഡിസംബര്‍ 14ന് മെസിയുടെ അന്നത്തെ ഏജന്റ് ഹൊറാസിയോ ഗാഗിയോലിയും ചാര്‍ളി റെക്സാച്ചും ചേര്‍ന്നാണ് ഒരു നാപ്കിന്‍ പേപ്പറില്‍ മെസിക്ക് ആദ്യ കരാര്‍ സമ്മാനിക്കുന്നത്. വളര്‍ച്ച ഹോര്‍മോണിന്റെ അപര്യാപ്തതയുമായി ബുദ്ധിമുട്ടിയിരുന്ന മെസിയുടെ ചികിത്സ ചെലവും മറ്റും ക്ലബ് ഏറ്റെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2003 നവംബര്‍ 16ന് 17-ാം വയസില്‍ എഫ്‌സി പോര്‍ട്ടോയുമായി നടന്ന സൗഹൃദ മത്സരത്തിലാണ് മെസി ബാഴ്സയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള 21 വര്‍ഷങ്ങള്‍ മെസിയുടെ മാന്ത്രിക ഫുട്‌ബോളിന് ബാഴ്‌സലോണയും ലോകമെമ്പാടുമുള്ള ആരാധകരും സാക്ഷിയായത്. ഈ കാലയളവില്‍ 35 കിരീടങ്ങള്‍, 778 മത്സരങ്ങള്‍, 672 ഗോളുകള്‍, 36 ഹാട്രിക്കുകള്‍, 6 ബാലന്‍ ദ്യോറുകള്‍.. അങ്ങനെ നീളുന്നതാണ് മെസി എന്ന ഇതിഹാസത്തിന്റെ കാലില്‍ നിന്ന് പിറന്ന ഫട്ബോള്‍ മാജിക്ക്. പിന്നീട് അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും ലോകകപ്പും നേടിയ മെസി ഇന്നും കളത്തില്‍ തുടരുന്നു.

Read Also : ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

24 വര്‍ഷങ്ങ്ള്‍ക്ക് മുമ്പുള്ള ആ നാപ്കിന്‍ കരാര്‍ മെസിയുടെ അന്നത്തെ ഏജന്റായിരുന്ന ഹൊറാസിയോ ഗാഗിയോലി സൂക്ഷിച്ചുവരികയായിരുന്നു. ഇപ്പോള്‍ പ്രമുഖ ബ്രിട്ടീഷ് ലേലക്കമ്പനിയായ ബോണ്‍ഹാംസാണ് മാര്‍ച്ച് 18നും 27നും ഇടയിലായി ആ നാപ്കിന്‍ ലേലത്തില്‍ വെക്കുന്നത്. 3.15 കോടി മുതല്‍ 5.26 കോടി രൂപ വരെയാണ് കമ്പനി അധികൃതര്‍ ലേലത്തില്‍ പ്രതീക്ഷിക്കുന്ന തുക. ഫുട്ബാള്‍ ലോകത്ത് ഏറെ ചരിത്ര പ്രധാന്യമുള്ള നാപ്കിന്‍ ആര് സ്വന്തമാക്കുമെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മെസി മെസി ആരാധകര്‍.

Story highlights : Messi’s First Barcelona Contract Napkin Up for Auction