മെസിയുടെ ഡ്രിബ്ലിങ്ങുകൾക്ക് സമാനം; സൂപ്പർ ഹാട്രികുമായി കളം നിറഞ്ഞ് മാറ്റിയോ മെസി..!!

January 6, 2024

ഫുട്‌ബോള്‍ ലോകത്ത് ഒരു പുതിയ താരമാണ് ആരാധക ഹൃദയങ്ങളും മാധ്യമ തലക്കെട്ടുകളും കീഴടക്കുന്നത്. അത് മറ്റാരുമല്ല, അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ രണ്ടാമത്തെ മകന്‍ മാറ്റിയോ മെസിയാണ് താരം. ലയണല്‍ മെസിയുടെ പാത പിന്തുടര്‍ന്ന് ഈ എട്ടു വയസുകാരന്‍ തരംഗം സൃഷ്ടിക്കുകയാണ്. ( Mateo Messi scoring hattrick for Inter Miami )

ഇന്റര്‍ മയാമി അക്കാദമി ടീമിന് വേണ്ടി കളിക്കുന്ന മാറ്റിയോ മെസി നേടിയ ഹാട്രിക് ആണ് സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുന്നത്. മെസിയെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്ലിങ്ങുകളുമായി കളം ഭരിക്കുന്ന കുട്ടി മെസിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ മറ്റൊരു മത്സരത്തില്‍ മാറ്റിയോ മെസിയുട ബൈസിക്കിള്‍ കിക്കും വൈറലായിരുന്നു.

പിതാവിന്റെ വഴിയേ തന്നെയാണ് മൂത്തമകനായ തിയാഗോ മെസ്സിയും രണ്ടാമത്തെ മകന്‍ മാറ്റിയോ മെസ്സിയും. രണ്ടു പേരും അമേരിക്കയില്‍ എത്തിയതില്‍ പിന്നെ പരിശീലിക്കുന്നത് ഇന്റര്‍മയാമിയുടെ അക്കാദമിയിലാണ്. അവിടെ നടന്നൊരു മത്സരത്തിലാണ് മാറ്റിയോ മെസ്സിയുടെ തകര്‍പ്പന്‍ ഹാട്രിക് ഗോളുണ്ടാകുന്നത്.

Read Also: ഒരു വര്‍ഷം കൊണ്ട് 10000 കിലോമീറ്റര്‍ പിന്നിട്ട് ഇബ്രാഹിമിന്റെയും അരുണിന്റെയും സൈക്ലിങ്..!

രണ്ടു മക്കളില്‍ മാറ്റിയോ മെസിക്കാണ് പിതാവിന്റെ ശൈലി ഏറെ കുറേ കിട്ടിയിരിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. മൈതാനത്ത് മാറ്റിയോയും അവന്റെ പിതാവും തമ്മിലുള്ള അസാമാന്യമായ സാദൃശ്യമാണ് ഏറ്റവും വേറിട്ടുനില്‍ക്കുന്നത്. മെസി ലെഫ്റ്റ് ഫൂട്ടും മാറ്റിയോ റൈറ്റ് ഫൂട്ടും ആണെന്നത് മാത്രമാണ് വ്യത്യാസം. ഇന്റര്‍ മയാമി യൂത്ത് സ്‌ക്വാഡിനായി വിവിധ ടൂര്‍ണമന്റുകളില്‍ നിന്നായി മാറ്റിയോ പത്ത് ഗോളുകള്‍ നേടിയിട്ടുണ്ട്.

Story highlights : Mateo Messi scoring hattrick for Inter Miami