സ്വപ്ന സാക്ഷാത്കാരം: ഇരുകൈകളുമില്ലാത്ത ജിലുമോൾക്ക് കാറോടിക്കാനുള്ള ലൈസൻസ് ലഭിച്ചു

December 2, 2023

ഇരു കൈകളുമില്ലാത്ത ജിലുമോള്‍ തോമസ് ഏഷ്യയില്‍ ആദ്യമായി കാലുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന വനിത എന്ന ബഹുമതി നേടാനുള്ള ശ്രമത്തിലായിരുന്നു. അതിനു സാക്ഷ്യം വഹിച്ചത് ഇന്നത്തെ നവകേരള സദസ് ആയിരുന്നു. ഇവിടെവെച്ചാണ് മുഖ്യമന്ത്രി കാറോടിക്കാനുള്ള ലൈസൻസ് ജിലുമോൾക്ക് നൽകിയത്. രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മരിയറ്റ് തോമസ് ജീവിതത്തില്‍ ഇന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ്.

കാലുകള്‍കൊണ്ടു സ്പൂണില്‍ ഭക്ഷണം കഴിക്കുന്നതും മൊബൈല്‍ ഫോണ്‍ കാല്‍വിരലുകളില്‍ താങ്ങി ഡയല്‍ ചെയ്യുകയും വടിവൊത്ത അക്ഷരങ്ങളില്‍ എഴുതുകയും ചെയ്യും ജിലുമോൾ. ഇതിനൊപ്പം 2018 മുതൽ കാറോടിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട് തോമസിന്റെയും അന്നക്കുട്ടിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകളായിട്ടാണ് ജിലുവിന്റെ ജനനം. 1991 ഒക്‌ടോബര്‍ പത്തിനാണ് ജിലു ജനിച്ചത്. ജിലുവിന്റെ ഈ നേട്ടത്തെക്കുറിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ്;

രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു.

ഇരു കൈകളുമില്ലാതെ ജനിച്ച കുമാരി ജിലുമോൾ മേരിയറ്റ് തോമസ് ഫോർ വീലർ വാഹനം ഓടിക്കുന്നതിനായി ലൈസൻസ് നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വർഷം മുൻപാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാൽ സാങ്കേതികവും, നിയമ പരവുമായ കാരണങ്ങളാൽ അന്ന് അത് നടക്കാതെ പോകുകയായിരുന്നു.

തോറ്റു പിൻമാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങൾ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പിൽ ഈ വിഷയം എത്തിച്ചു. അദ്ദേഹം സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറോട് ഇതിനൊരു പരിഹാരം തേടുകയും ചെയ്തു. ട്രാൻസ്പോർട്ട് കമ്മീഷണർ എറണാകുളം ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് ഈ വിഷയത്തിൻ്റെ സാധ്യത പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പഠനം നടത്തുകയും, കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾക്ക് ഉതകുന്ന രീതിയിൽ വാഹനത്തിന് വേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ വാഹനത്തിൻ്റെ രൂപമാറ്റത്തിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തികൊണ്ട് നീണ്ട ഒരു വർഷക്കാലത്തെ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശ്രമഫലമായിട്ടാണ് വാഹനം ഇപ്പൊൾ തയ്യാറായിരിക്കുന്നത്. വാഹനത്തിൻ്റെ മേജർ കൺട്രോളുകൾ നേരിട്ടും, മൈനർ കൺട്രോളുകൾ voice recognition module വഴിയും ജിലു മോൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും.

രൂപ മാറ്റങ്ങളുടെ പ്രവർത്തന ക്ഷമത മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാഹനം adapted vehicle എന്ന ക്ലാസ്സിലേക്ക് മാറ്റം വരുത്തി കൊടുക്കുകയും ചെയ്തു.

ജിലു മോൾ 14/03/2023 ന് നടത്തിയ ലേണേഴ്സ് ടെസ്റ്റ്‌ പാസ്സാവുകയും, തനിക്ക് വേണ്ടി രൂപ മാറ്റം വരുത്തിയെടുത്ത ഈ വാഹനത്തിൽ പ്രാവീണ്യം നേടുകയും, 30/11/2023 ൽ നടന്ന ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സാവുകയും ചെയ്തിരിക്കുകയാണ്.

ഇപ്രകാരം ഇരുകൈകളും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് നമ്മുടെ രാജ്യത്ത് , ഒരു പക്ഷെ ഏഷ്യയിലെ തന്നെ, ആദ്യ സംഭവമായിരിക്കും. കേവലം ലൈസൻസ് നൽകുന്നുവെന്നു മാത്രമല്ല സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെ മറികടന്ന് സുരക്ഷിതമായി എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വാഹനം കൂടി നിയമാനുസൃതമായി നിർമ്മിച്ച് നൽകുകയും ചെയ്തു ഭിന്ന ശേഷി സൗഹൃദ രംഗത്ത് പുതിയൊരു ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും സംസ്ഥാന ഭിന്ന ശേഷി കമ്മീഷണ റേറ്റും അതിലൂടെ കേരള സംസ്ഥാനവും.

ലോക ഭിന്ന ശേഷി സൗഹൃദ ദിനമായ ഡിസംബർ 3 നോട് അനുബന്ധിച്ച് നവ കേരള സദസ്സിന്റെ ഈ വേദിയിൽ ഈ നേട്ടം ആഘോഷിക്കുന്നു. സ്വയം പര്യാപ്തത നേടാനായി നിയമ പോരാട്ടം നടത്തി നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായ ഇടുക്കിയിൽ ജനിച്ച് ഇപ്പൊ എറണാകുളത്ത് താമസമാക്കിയ ജിലു മോൾ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നു ലൈസൻസ് ഏറ്റുവാങ്ങുന്നു.

അതേസമയം, ഇപ്പോൾ ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ചുനൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്.മന്ത്രി പി രാജീവാണ് ജിലു മോളുടെ നേട്ടം പങ്കുവെച്ചത്. പി രാജീവിന്റെ വാക്കുകൾ:

രണ്ട് കൈകളുമില്ലാത്ത ജിലുമോൾക്ക് ബഹു. മുഖ്യമന്ത്രി കാറോടിക്കാനുള്ള ലൈസൻസ് നൽകിയത് ഇന്നത്തെ നവകേരളസദസ് വേദിയിൽ വച്ചാണ്. ഈ ലൈസൻസ് നേട്ടത്തിന് പിന്നിൽ കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിന് സുപ്രധാന പങ്കുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ചുനൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്. മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന വി.ഐ ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ ആദ്യ പ്രൊഡക്റ്റാണ് ജിലുമോളുടെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്തിരിക്കുന്നത്.

ലക്ഷ്വറി വാഹനങ്ങളിൽ മാത്രമുള്ള വോയിസ് കമാന്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിനൽകിയ കമ്പനിക്ക് ഇൻകുബേഷൻ സൗകര്യവും മേക്കർ വില്ലേജിൽ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് ഐ.ടി ഇതരമേഖലയിൽ കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്. ഇവയിൽ പലതും അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോമോട്ടീവ് മേഖലയിൽ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പായ വി.ഐ ഇന്നൊവേഷൻ ഭിന്നശേഷി സൗഹൃദമാകാൻ പരിശ്രമിക്കുന്ന കേരളത്തിനാകെ മുതൽക്കൂട്ടാകും വിധത്തിൽ വളരട്ടെയെന്ന് ആശംസിക്കുന്നു.

Story highlights- jilumol got driving license