ഓസ്‌കാർ പുരസ്‌കാരം നേടിയ ചിത്രം ‘പാരസൈറ്റ്’ നടൻ ലീ സൺ ക്യൂൻ മരിച്ചനിലയിൽ
ഓസ്‌കാർ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ കണ്ടെത്തിയത്.
48 കാരനായ ലീ ദക്ഷിണ കൊറിയയിലെ പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയതാണ്. 2001-ൽ “ലവേഴ്സ്” എന്ന പേരിൽ ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെ അഭിനയരംഗത്തേക്ക് കടന്നു.നിരവധി വേഷങ്ങളിലൂടെ നടൻ ശ്രദ്ധനേടിയിരുന്നു. സംവിധായകൻ ബോങ് ജൂൺ-ഹോ ഒരുക്കി 2019-ൽ ഓസ്‌കാർ നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിലെ ധനിക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ആഗോളതലത്തിൽ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ അവസാന ചിത്രമായ ഈ വർഷത്തെ ഹൊറർ ചിത്രമായ “സ്ലീപ്പ്” ആയിരുന്നു. ഉറക്കത്തിൽ നടക്കുന്നത് ഒടുവിൽ ഭയാനകമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ഒരു ഭർത്താവിന്റെ വേഷത്തിൽ അദ്ദേഹം അഭിനയിച്ചു. ചിത്രം നിരൂപക പ്രശംസ നേടുകയും കാൻ ഫെസ്റ്റിവലിലെ ക്രിട്ടിക്‌സ് വീക്ക് വിഭാഗത്തിൽ ഇടംപിടിക്കുകയും ചെയ്തു.
അതേസമയം, നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗ ആരോപണത്തിൽ അന്വേഷണത്തിന് ഹാജരായതിനെ തുടർന്ന് ലീ സൺ ക്യൂൻ വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം, കാറിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെന്നും റിപ്പോർട്ട് ഉണ്ട്.
Story highlights- parasite movie fame South Korean actor Lee Sun-kyun found dead