ലിയോയുടെ റെക്കോഡ് മറികടക്കുമോ..? ബ്രഹ്‌മാണ്ഡ ചിത്രം ‘സലാര്‍’ നാളെ തിയേറ്ററില്‍

December 21, 2023

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാര്‍ നാളെ തിയേറ്ററിലെത്തും. പ്രഭാസ് നായകനായി എത്തുന്ന സലാറില്‍ മലയാളികളുടെ പ്രിയ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ( Prabhas Prithviraj movie Salaar release on friday )

ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കെ.ജി.എഫിന് ശേഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇത്രത്തോളം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വേറെ ഒന്നില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

റിലീസ് ദിനത്തില്‍ 148 കോടി നേടിയ വിജയ് ചിത്രം ലിയോ ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. ഈ വര്‍ഷത്തെ ബോക്‌സ് ഓഫിസ് റെക്കോഡ് തകര്‍ക്കാനെത്തുന്ന സലാര്‍ ആദ്യ ദിനത്തില്‍ 150 കോടി നേടുമെന്നാണ് വിലയിരുത്തല്‍. കണക്കുകൂട്ടല്‍ കൃത്യമായാല്‍ പ്രഭാസ്-പൃഥ്വിരാജ് ചിത്രം ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിക്കും.

കഴിഞ്ഞ ദിവസം പുറത്തു വന്ന റിലീസ് ട്രെയിലര്‍ പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. തീപാറുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു ഹോളിവുഡ് സ്‌റ്റൈല്‍ മേക്കിങ് മികവ് തന്നെയാണ് പ്രശാന്ത് നീല്‍ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ”സലാര്‍” വിജയ് കിരഗാണ്ടര്‍, കെ വി രാമ റാവു ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Read Also : മേഘ്‌ന രാജിന്റെ മകനൊപ്പം ക്യൂട്ട് നൃത്തവുമായി നസ്രിയ; രസകരമായ വിഡിയോ

പ്രഭാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തില്‍ റിലിസിന് എത്തിക്കുന്നത്.

Story highlights : Prabhas Prithviraj movie Salaar release on friday