കാൽപന്തുകളിയിൽ പകരം വയ്ക്കാനില്ലാത്ത മാന്ത്രികൻ; പെലെ ഓർമയായിട്ട് ഒരാണ്ട്..
ഫുട്ബോളിന്റെ പൂര്ണതായായിരുന്നു പെലെ, തന്റെ സമര്‍പ്പണവും, ഏകാഗ്രതയും, കഠിന പ്രയത്നവുമെല്ലാമാണ് അദ്ദേഹത്തെ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ സിംഹാസനത്തിലെത്തിച്ചത്. കാറ്റ് നിറച്ച തുകല്‍പന്തുമായി മൈതാനങ്ങളില്‍ ആരവങ്ങള്‍ തീര്‍ത്ത് ആരാധക മനസുകളില്‍ കയറിക്കൂടിയ ഫുട്ബോള്‍ മാന്ത്രികന് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. എഡ്സണ് അരാന്റോസ് ഡോ നെസിമെന്റെ എന്ന നാമത്തെ നിഴലാക്കി പെലെ എന്ന നാമത്തെ അനശ്വരമാക്കിയ ഇതിഹാസം ഇന്നും ആരാധമനസില് മായാത്ത ഓര്‍മയായി നിലനില്‍ക്കുന്നുണ്ടാകും. ( Remembering pele the football legend )
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ മിനാസ് ഗിറെസ് സംസ്ഥാനത്ത് ട്രെസ് കൊരക്കോസ് എന്നൊരു ചെറിയ പ്രദേശമുണ്ട്. അവിടെയൊരു സാധാരണ കുടുംബത്തില്‍ റിമോസ് ദൊ നാസിമെന്റോയുടെയും സെലസ്റ്റെ അരാന്റസിന്റെയും മകനായ 1940 ഓക്ടോബര്‍ 23-നാണ് എഡ്സണ് അരാന്റസ് ദൊ നാസിമെന്റോ പിറന്നുവീണത്. ബ്രസീലിലെ തെരുവോരങ്ങളായി ആ കുഞ്ഞുബാലന്റെ കളിമൈതാനങ്ങള്‍. അവിടെയുള്ള കുട്ടികളാണ് പെലെ എന്ന പേര് വിളിച്ചുതുടങ്ങിയത്.
അക്കാലത്ത് ബൌറു മേയര്‍ സ്പോണ്സര് ചെയ്ത ബോയ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പന്ത് തട്ടിയതാണ് പെലെയുടെ കളിയഴക് കൂടുതല്‍ പുറംലോകം കണ്ടത്. ടൂര്‍ണമെന്റുകളില്‍ ഗോളടിച്ചുകൂട്ടുന്ന പെലെയിലെ ഇതിഹാസത്തെ കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തും 1934 ലോകകപ്പില്‍ ബ്രസീല്‍ ടീം അംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിട്ടോയാണ്. അദ്ദേഹത്തിന്റെ നിര്ദേശത്തെടെയാണ് 1956-ല്‍ തന്റെ 16ാം വയസില്‍ പെലെ പ്രശസ്തമായ സാന്റോസ് എഫ്സിയില്‍ അംഗമാകുന്നത്.
പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. സാന്റോസിലെ മികച്ച പ്രകടനം ബ്രസീല്‍ ദേശീയ ടീമിലേക്കുള്ള വഴിതുറന്നു. 1958-ല്‍ സ്വീഡന് ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് മേജര്‍ ടൂര്‍ണമെന്റ് അരങ്ങേറ്റം. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്റ്റോക്ക്ഹോമിലെത്തിയ പെലെ സെമി ഫൈനലില്‍ ഹാട്രിക് അടിച്ചാണ് തന്റെ വരവറിയിച്ചത്. ഇരട്ടഗോളുമായി സ്വീഡനെതിരായ ഫൈനലിലും പെലെ മികവ് തുടര്‍ന്നതോടെ ബ്രസീല്‍ ആദ്യമായി ലോകഫുട്ബോളിന്റെ അത്യുന്നതങ്ങളിലേക്കും പറന്നുയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 1962 ലും പിന്നീട് 1970ലും ബ്രസീല്‍ ലോകകിരീടം ചൂടുമ്പോള്‍ അതിന്റെയെല്ലാം അമരത്ത് പെലെ എന്ന അഞ്ചടി എട്ടിഞ്ചുകാരനായിരുന്നു.
കളിച്ച നാല് ലോകകപ്പുകളില്‍ മൂന്നിലും കിരീടം എന്നത് അര നുറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും തകര്‍ക്കാനാവാതെ തുടരുകയാണ്. 1957-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിനൊപ്പം ആരംഭിച്ച യാത്ര 20 വര്‍ഷത്തിനിപ്പുറം 1977-ലാണ് പെലെ അവസാനിപ്പിക്കുന്നത്. ഇക്കാലയളവില്‍ 92 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ അദ്ദേഹം 77 ഗോളും സ്വന്തമാക്കിയാണ് മഞ്ഞക്കുപ്പായത്തിനോട് വിടപറഞ്ഞത്. 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫുട്ബോളിന്റെ അത്യുന്നതങ്ങളില്‍ ബ്രസീല്‍ ടീമിനെത്തിയ പെലെയെ പോലൊരു താരത്തിന്റെ വിടവ് ഇന്നും നികത്താനാകാത്ത ഒന്നായിത്തന്നെ അവശേഷിക്കുകയാണ്. പിന്നീട് കാല്‍നൂറ്റാണ്ടോളമുള്ള കാത്തിരിപ്പിനൊടുവില്‍ 1994-ലാണ് ബ്രസില്‍ അടുത്ത ലോകകിരീടം നേടിയത്.
90 വര്‍ഷത്ത ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച താരമായിട്ടാണ് പെലെ അറിയപ്പെടുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ 60 വയസിന് താഴെ പ്രായമുള്ളവരാരും അദ്ദേഹത്തിന്റെ മത്സരങ്ങള്‍ നേരിട്ട് കണ്ടവരോ റേഡിയോയിലുടെ കേട്ടവരോ ഉണ്ടാകാനിടയില്ല. അദ്ദേഹത്തിന്റെതായി ലഭ്യമായ വീഡിയോകളും പരിമിതമാണ്. എന്നിട്ടും ഫുട്ബോളിനെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കിടയില്‍ പോലും അദ്ദേഹം സുപരിചിതനാണ് എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. കളിമൈതാനങ്ങളില്‍ തീര്‍ത്ത റെക്കോഡുകളും സ്വന്തമാക്കിയ അത്ഭുതനേട്ടങ്ങളുമെല്ലാം എന്നും അദ്ദേഹത്തെ അനശ്വരമാക്കും.
Read Also : “ശകാരിച്ചതിനെത്തുടർന്ന് ഒളിച്ചോടി”; 13 വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടി ആഗ്രയിലെ സഹോദരങ്ങൾ!!
ഡിയഗോ മറഡോണയും ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും അടക്കം നിരവധി ഇതിഹാസങ്ങളെ ഫുട്ബോളിന് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കളിമൈതാനങ്ങളില്‍ പന്തുരുളുന്ന കാലത്തോളം പെലെ എന്ന രണ്ടക്ഷരം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും….
Story highlights : Remembering pele the football legend