‘അച്ഛനും അമ്മയും നൽകിയ ഏറ്റവും മികച്ച സമ്മാനം’ – സഹോദരിക്ക് പിറന്നാൾ ആശംസിച്ച് സംവൃത സുനിൽ

December 11, 2023

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന നടിയാണ് സംവൃത സുനിൽ. വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ലോക്ക് ഡൗൺ കാലത്തും വിദേശത്തെ വീട്ടിൽ വളരെയധികം തിരക്കിലായിരുന്നു സംവൃത. കാരണം, ആ സമയത്താണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.ഇപ്പോഴിതാ, സഹോദരി സഞ്ജുക്തയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസിക്കുയാണ് നടി.

‘ജന്മദിനാശംസകൾ, കുഞ്ഞേ! അച്ചയും അമ്മയും എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനം നീയാണ്! നിന്നെ ഞാൻ വളരെയേറെ സ്നേഹിക്കുന്നു’- സംവൃത കുറിക്കുന്നു. സഹോദരിക്കൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

Read also: സര്‍പ്രൈസ് ഗിഫ്റ്റുമായി ജനമൈത്രി പൊലീസ്; മനസ് നിറഞ്ഞ് ചിരിച്ച് ദ്രൗപദിയമ്മ..!

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.

Story highlights- samvritha sunil’s birthday wishes for sister